ഇടുക്കി; കട്ടപ്പനയിൽ കോവിഡ് സ്ഥിരീകരിച്ച ആശാ പ്രവർത്തക പോയത് നൂറിലേറെ വീടുകളിൽ. അതിനാൽ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയാവുകയാണ്. ആശാപ്രവർത്തക പോയ വീടുകളിലുള്ളിലുള്ളവരെയും താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും നീരീക്ഷണത്തിലാക്കും. ഇതോടെ ഇടുക്കിയിൽ ആശങ്ക വർധിച്ചു.
ആശാപ്രവർത്തകയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗലക്ഷണങ്ങൾ കണ്ട് വ്യാഴാഴ്ച നിരീക്ഷണത്തിൽ പോകുന്നത് വരെ ഇവർ നൂറിലധികം വീടുകളിൽ മരുന്നുമായി പോയിട്ടുണ്ട്. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും ദിവസവും എത്തുമായിരുന്നു. ഇതോടെ ഈ വീട്ടുകാരെ മുഴുവൻ കണ്ടെത്തുകയും നിരീക്ഷണത്തിൽ വയ്ക്കേണ്ടതുമായ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ളത്.
ആശുപത്രിയിലെ എത്ര നഴ്സുമാരുമായി സമ്പർക്കമുണ്ടായി എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയിൽ സിസിടിവി സൗകര്യങ്ങളൊന്നും ഇല്ലാത്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. കട്ടപ്പനയിൽ സമ്പർക്കത്തിലൂടെ രണ്ട് പേർക്കാണ് ഇതിനോടകം രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ ഭാര്യക്കും, അമ്മയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ രണ്ട് പേരുടെയും , ഇയാൾ ലോഡിറക്കുന്ന കട്ടപ്പന മാർക്കറ്റിലെ ഇരുപതിലധികം പേരുടെയും പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല. ഈ സംഭവത്തിൽ സാമൂഹിക വ്യാപനത്തിന്റെ സാധ്യതപോലും ആരോഗ്യവകുപ്പ് ഭയപ്പെടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates