കോഴിക്കോട് : കോവിഡും പിന്നാലെ ലോക്ക്ഡൗണും വന്നതോടെ ആർഭാടപൂർവം നടത്താൻ നിശ്ചയിച്ചിരുന്ന പല വിവാഹങ്ങളും മാറ്റിവെക്കുകയാണ്. അതേസമയം സാഹചര്യം ഉൾക്കൊണ്ട് അനാർഭാടമായി വിവാഹം നടത്തുന്നവരും ഏറെയാണ്. അധികൃതരുടെ നിർദേശങ്ങളെല്ലാം പാലിച്ച് കോഴിക്കോട് നടത്തിയ വിവാഹം ശ്രദ്ധേയമായി. വരൻ അടക്കം നാലുപേർ മാത്രമാണ് വിവാഹത്തിനായി വധൂഗൃഹത്തിലെത്തിയത്.
കുമാരസ്വാമി ദേവശ്രീ വീട്ടിൽ വി.പി. അഖിലിന്റെയും മൈലാംപാടി നാരങ്ങാളി ശബരീനാഥിന്റെ മകൾ പാർവതിയുടെയും വിവാഹമാണ് ചടങ്ങുകൾ മാത്രമായി നടത്തിയത്. മലബാർ ആശുപത്രിയിലെ ജീവനക്കാരനാണ് അഖിൽ. നവംബർ മൂന്നിനാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.
ഇതിനിടെ മാർച്ച് 23ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എന്തുചെയ്യുമെന്ന ആശങ്കയിലായി ഇരുവീട്ടുകാരും. എന്തുചെയ്യാനാകുമെന്ന് കാക്കൂർ പൊലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പിലും ഇവർ പോയി ചോദിച്ചു. പരമാവധി അഞ്ചുപേർ മാത്രം പങ്കെടുക്കുന്ന ചടങ്ങായി നടത്താമെന്ന് അവർ നിർദേശിച്ചു.
ഈ നിർദേശം അംഗീകരിച്ച ഇരു വീട്ടുകാരും, കത്തു കൊടുത്ത് ക്ഷണിച്ച 1500 പേരെയും ഫോൺ വിളിച്ചും മെസേജ് അയച്ചും വിവരം അറിയിച്ചു. അഖിലിനൊപ്പം അച്ഛൻ വി പി ജയദാസനാണ് കല്യാണച്ചടങ്ങുകൾ നടത്താനായി പോയത്. അഖിലിന്റെ വല്യച്ഛനും വാഹനവുമായി ഒരു സുഹൃത്തും കൂടെപ്പോയി. പാർവതിയുടെ വീട്ടിലായിരുന്നു വിവാഹം. തിരികെ വധു പാർവതി അടക്കം ആകെ അഞ്ചുപേർ മാത്രമായാണ് വരന്റെ വീട്ടിലേക്ക് വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates