ഗാര്‍ഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും ഡൊമസ്റ്റിക് കോണ്‍ഫ്ളിക്ട് റസലൂഷ്യന്‍ സെന്‍ററുകള്‍ 

കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്ന രീതിയില്‍ കൗണ്‍സലിങ് നല്‍കാന്‍ ഈ സെന്‍റര്‍ മുഖേന കഴിയും
ഗാര്‍ഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും ഡൊമസ്റ്റിക് കോണ്‍ഫ്ളിക്ട് റസലൂഷ്യന്‍ സെന്‍ററുകള്‍ 
Updated on
1 min read

തിരുവനന്തപുരം:   ഗാര്‍ഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ ഡൊമസ്റ്റിക് കോണ്‍ഫ്ളിക്ട് റസലൂഷ്യന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലേയും ഇത്തരം കേന്ദ്രങ്ങളില്‍ ഇതുവരെ 340 പരാതികളാണ്  ലഭിച്ചത്. ഇതില്‍ 254 എണ്ണത്തില്‍ കൗണ്‍സിലിങ്ങിലൂടെ പരിഹാരം കാണാന്‍ കഴിഞ്ഞു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്ന രീതിയില്‍ കൗണ്‍സലിങ് നല്‍കാന്‍ ഈ സെന്‍റര്‍ മുഖേന കഴിയും.

ജനങ്ങള്‍  റെയില്‍പ്പാതകളിലൂടെ നടക്കുന്നതും ഇരിക്കുന്നതുമായ വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രത്യേക യാത്രാ തീവണ്ടികളും ചരക്കു തീവണ്ടികളും ഏതു സമയത്തും അപ്രതീക്ഷിതമായി കടന്നുവന്നേക്കാം. മറ്റ് ചില സംസ്ഥാനങ്ങളില്‍ ഉണ്ടായതു പോലെ ഉള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. റെയില്‍ പാളങ്ങളിലൂടെയുള്ള കാല്‍നട യാത്ര തടയാന്‍ പൊലീസ് ശ്രദ്ധിക്കും.

ആറ്റിങ്ങല്‍ ആലംകോട് പലഹാര നിര്‍മാണയൂണിറ്റില്‍ നിന്നും നഗരസഭ പിടിച്ചെടുത്ത 20 ചാക്ക് പലഹാരത്തിലും നിര്‍മാണത്തീയതി ഒരാഴ്ചയ്ക്കു ശേഷമുള്ളത് എന്ന റിപ്പോര്‍ട്ട് കണ്ടു. മെയ് 20ന് പിടികൂടിയ പലഹാരങ്ങളില്‍ നിര്‍മാണത്തീയതിയായി രേഖപ്പെടുത്തിയിരുന്നത് മെയ് 26 ആയിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പലരും പാക്കറ്റിലാക്കിയ ഭക്ഷണത്തെ ആശ്രയിക്കുന്നുണ്ട്. ഭക്ഷണത്തില്‍ ഇത്തരത്തില്‍ കൃത്രിമം നടത്തുന്നത് അപകടകരമാണ്. ഇത് തടയാന്‍ നടപടി സ്വീകരിക്കും.

ബസുകളിലും ഓട്ടോകളിലും അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നു. മാസ്ക് ധരിക്കാതെയും യാത്ര ചെയ്യുന്നുണ്ട്. ഇത് തടയാന്‍ പൊലീസിന്‍റെ ഇടപെടലുണ്ടാകും. കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാസ്ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4047 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 100 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ലോക്ക്ഡൗണ്‍ കാരണം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുണ്ട്. കെഎസ്ഇബിക്ക് വലിയ ബില്‍ ഒരുമിച്ച് അടക്കേണ്ട അവസ്ഥയിലാണ് അത്തരക്കാര്‍. അവര്‍ക്ക് ഫിക്സഡ് ചാര്‍ജില്‍ ഇളവു നല്‍കാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി.

കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ച എംഎസ്എംഇകള്‍ക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം പുതിയ ഈടില്ലാതെ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യം കേരളത്തിലെ എംഎസ്എംഇകള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താനുള്ള സഹായം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി വ്യവസായികളെ അറിയിക്കുന്നതിനും പ്രത്യേക പോര്‍ട്ടല്‍ തുടങ്ങാനും ആലോചനയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com