തിരുവനന്തപുരം: തിരുവനന്തപുരത്തെ തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്ക് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള തീര്‍ഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി പൊലീസിനെ ഉപയോഗിച്ച് ഇന്നലെ വൈകിട്ട് റവന്യു വകുപ്പ് ഏറ്റെടുത്ത നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
ശ്രീ നാരായണ ഗുരു, മഹാത്മാ അയ്യങ്കാളി എന്നിവര്‍ക്കൊപ്പം നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ഋഷിശ്രേഷ്ഠന്‍ ചട്ടമ്പിസ്വാമികളുടെ സ്മാരകമാണ് അദ്ദേഹത്തിന്റെ പ്രതിമ വെച്ച് ആരാധന നടത്തി വരുന്ന തീര്‍ഥപാദ മണ്ഡപം. പതിറ്റാണ്ടുകളായി ആദ്ധ്യാത്മിക സാംസ്‌കാരിക പരിപാടികള്‍ നടന്നു വരികയാണവിടെ. ഉചിതമായ ഒരു സ്മാരകമന്ദിരം പണികഴിക്കാനുള്ള പദ്ധതിക്ക് തറക്കല്ലിടാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംസ്ഥാന റവന്യു വകുപ്പ് നാടകീയമായി തീര്‍ഥപാദമണ്ഡപം പൊലീസിനെ ഉപയോഗിച്ച് ഏറ്റെടുത്ത് മുദ്ര വയ്ക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
ചട്ടമ്പിസ്വാമികളോടുള്ള ഈ പരസ്യമായ അവഹേളനം കേരളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ ഭക്തരെയും വിശ്വാസിസമൂഹത്തിനെയും വ്രണപ്പെടുത്തുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ തന്നെ അനുവദിച്ചു നല്‍കിയ ഭൂമിയാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് കെ സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
തലസ്ഥാനനഗരിയില്‍ തന്നെ വിവിധ സ്മാരകങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച അനേകം ഭൂമി വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് ചട്ടമ്പിസ്വാമിസ്മാരകം റവന്യു വകുപ്പ് കയ്യേറുന്നത്. നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ കയ്യേറ്റം നടത്തി കൈവശം വച്ചനുഭവിക്കുന്ന ഇതര രാഷ്ട്രീയ, മത സംഘടനകള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണും പൂട്ടി ഇരിക്കവേയാണ് ചട്ടമ്പിസ്വാമി സ്മാരകം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
സിപിഎം ആസ്ഥാനമായ എ കെ ജി സെന്റര്‍ പോലും കയ്യേറ്റഭൂമിയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ തന്നെ തീര്‍ഥപാദമണ്ഡപത്തിന് അനുവദിച്ചു നല്‍കിയ ഭൂമി, പതിറ്റാണ്ടുകളായി അവിടെ ആരാധന നടക്കവേയാണ് ബലം പ്രയോഗിച്ച് ഇപ്പോള്‍ തിരിച്ചെടുത്തതിരിക്കുന്നത്. വിശ്വാസികളെ വെല്ലുവിളിക്കുന്ന ഈ മതേതര വിരുദ്ധ നീക്കത്തെ ബിജെപിയും കേരളത്തിലെ പൊതുസമൂഹവും കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നു സുരേന്ദ്രന്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates