'ചെക്ക് പോസ്റ്റില്‍ വിളിക്കാതെ പോയി കോവിഡ് വാങ്ങിയാല്‍ ഹീറോയല്ല, ഒരു വലിയ സീറോ' ; കുറിപ്പ്

ഇപ്പോള്‍ ദിനം പ്രതി കൂടുന്ന കോവിഡിന്റെ എണ്ണം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ?
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
3 min read

കോഴിക്കോട്: ഇതരസംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ കേരളത്തിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളും നിറയുകയാണ്. വാളയാര്‍ അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധങ്ങളും അതിനെ തുടര്‍ന്ന് യുഡിഎഫ് ജനപ്രതിനിധികള്‍ അടക്കം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ഈ ചശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറും കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് ചുമതലക്കാരനുമായിരുന്ന ഡോക്ടറുടെ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു.

ഇപ്പോള്‍ ദിനം പ്രതി കൂടുന്ന കോവിഡിന്റെ എണ്ണം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? പാസ്സ് ഇല്ലാതെ അതിര്‍ത്തിയില്‍ വരുന്നവരെ കയറ്റി വിടാത്തത് മനുഷ്യാവകാശലംഘനം ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നോ? രണ്ടാണെങ്കിലും നമ്മള്‍ കളിക്കുന്നത് ആരോടാണെന്നു നിങ്ങള്‍ക്ക് ശരിക്കും മനസ്സിലായിട്ടില്ല. ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന മലയാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പാസ് വെറുമൊരു കടലാസ് അല്ലെന്നും ഡോ. ഷമീര്‍ വിശദീകരിക്കുന്നു.


ഡോ ഷമീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ഇപ്പോള്‍ ദിനം പ്രതി കൂടുന്ന കോവിഡിന്റെ എണ്ണം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ?

പാസ്സ് ഇല്ലാതെ ബോര്‍ഡറില്‍ വരുന്നവരെ കയറ്റി വിടാത്തത് മനുഷ്യാവകാശലംഘനം ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നോ?

രണ്ടാണെങ്കിലും നമ്മള്‍ കളിക്കുന്നത് ആരോടാണെന്നു നിങ്ങള്‍ക്ക് ശരിക്കും മനസ്സിലായിട്ടില്ല.

വഴിയില്‍ കൂടി പോകുന്നവരുടെയെല്ലാം ശരീരത്തില്‍ കോവിഡ് വൈറസ് കയറി പിടിക്കുന്ന നാട്ടില്‍ നിന്ന് ആളുകളെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ നമുക്ക് അറിയാത്തതാണോ അവരുടെ ശരീരത്തില്‍ വൈറസ് ഉണ്ടാകുമെന്ന്? പിന്നെ കൊണ്ടു വന്നത് എന്തിനാ?
ആ ശരീരത്തില്‍ വൈറസ് ഇന്നലെ കയറിയതാണ്. അതിനു മുന്‍പേ അതില്‍ ഒഴുകുന്ന ചോര നമ്മുടേതാണ്. ആ ശരീരത്തില്‍ നിന്നും ഒഴുകിയ വിയര്‍പ്പിന്റെ ഗുണം അനുഭവിച്ചതും നമ്മളാണ്. ആ ഓര്‍മ്മ ഉള്ളതുകൊണ്ടാണ് അവര്‍ക്ക് വരണമെങ്കില്‍ വന്നോട്ടെ എന്ന് തീരുമാനിച്ചത്. സ്വാഭാവികമായും അവരിലുള്ള വൈറസ് ഇവിടെയെത്തും. ആ വൈറസ് അവരുടെ കാറില്‍ നിന്നോ വീട്ടില്‍ നിന്നോ പറന്നു വന്ന് നമ്മുടെ വീട്ടില്‍ കയറാനൊന്നും പോകുന്നില്ല. കിട്ടണമെങ്കില്‍ അവരുടെ കൂടെ പോയി സഹവസിച്ച് വാങ്ങിക്കണം. അതുകൊണ്ട് ഈ കൂടുന്ന എണ്ണം ഓര്‍ത്തു ആരും ദുഖിക്കേണ്ട. ആ വൈറസ് ആ ശരീരങ്ങളില്‍ തന്നെ നശിച്ചു ഒതുങ്ങിക്കോളും. അത് വാങ്ങിച്ചു വെക്കാതിരിക്കാന്‍ ഉള്ളത് എല്ലാ നാം പഠിച്ചിട്ടുണ്ട്. ശാരീരിക അകലം, മുഖാവരണം, കൈ കഴുകല്‍. മൂന്നു മുദ്രാവാക്യം മറക്കാതെ ഉരുവിട്ട് കൊണ്ടിരിക്കണം. ഉരുവിട്ടാല്‍ പോരാ, പ്രാവര്‍ത്തികമാക്കണം.

ഇനി പരാതിക്കാരോട്. വരുന്ന ആളുകളെ ഒന്നാകെ ഓരോ ബാത്ത് അറ്റാച്ഡ് റൂമില്‍ രണ്ടാഴ്ച താമസിപ്പിക്കണം എന്നതായിരുന്നു നിങ്ങളുടെ ആഗ്രഹം എങ്കില്‍ തെറ്റൊന്നും ഇല്ല. ഞങ്ങളുടെയും ആഗ്രഹവും അതൊക്കെ തന്നെ. പക്ഷേ എല്ലാ ആഗ്രഹങ്ങളും നടക്കില്ലല്ലോ. നമ്മളെക്കാള്‍ നൂറിരട്ടി സമ്പാദ്യമുള്ള ദുബായിലും അമേരിക്കയിലും നടക്കുന്നില്ല. അപ്പോഴാണ് ലോട്ടറി, കള്ള് കച്ചവടം കൊണ്ട് ജീവിച്ചു പോകുന്ന നമ്മള്‍. പിന്നെ പോംവഴി എന്താണ്, അതാണ് നമ്മള്‍ പുച്ഛത്തോടെ കാണുന്ന ഹോം ക്വാറന്റൈന്‍. എന്നാല്‍ ഹോം ക്വാറന്റൈന്‍ അത്ര മോശം ക്വാറന്റൈന്‍ അല്ല കേട്ടോ, മര്യാദക്ക് ചെയ്താല്‍. കഴിഞ്ഞ തവണ നമ്മള്‍ ശ്രമിച്ചിട്ട് വളരെ കുറച്ചാണ് പാളിയത്. പാളിച്ച വരാന്‍ ഒറ്റ സാധ്യതയേ ഉള്ളൂ. ജനം തങ്ങളുടെ ബാധ്യതകള്‍ മറക്കുമ്പോള്‍. സാമൂഹിക ബോധം ഇല്ലാതാകുമ്പോള്‍.

പാസ്സ് എന്നാല്‍ വെറും ഒരു കടലാസ്സുമല്ല:

ഒരാള്‍ അതിര്‍ത്തി കടന്നു വരുമ്പോള്‍ വെറുതെ വീട്ടില്‍ പോയിരുന്നോളാന്‍ പറഞ്ഞു വിടുകയാണെന്ന് കുറച്ചു പേരെങ്കിലും ധരിച്ചിട്ടുണ്ടാകും. എന്നാല്‍ തെറ്റി. ഒരു പാസ്സിന് അപേക്ഷിക്കുന്നത് മുതല്‍ നിരവധി ഘട്ടങ്ങള്‍ ആയുള്ള, നിരവധി ആളുകളുടെ ഭഗീരഥ പ്രയത്‌നമാണ് അതില്‍ നടക്കുന്നത്. അയാളുടെ അഭ്യര്‍ത്ഥന ആദ്യം ജില്ലാ ഭരണകൂടം അയാളുടെ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൈമാറും. അയാള്‍ കൊടുത്ത അഡ്രസ്സിലെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തും. സൗകര്യങ്ങള്‍ അപര്യാപ്തമാണെങ്കില്‍ പകരം സജ്ജീകരണങ്ങള്‍ കണ്ടെത്തും. വീട്ടിലെ മുറിയാണോ, അല്ലെങ്കില്‍ മറ്റൊരു വീട് കണ്ടെത്തലാണോ, ബന്ധുക്കളെ മാറ്റലാണോ, ഇതെല്ലാം ജീവനക്കാര്‍ ബന്ധുക്കളുമായി ആലോചിച്ചാണ് ക്വാറന്റൈന്‍ സ്ഥലം തീരുമാനിക്കുന്നത്. ഇതിന് ശേഷമാണ് നിശ്ചിത പാസ്സ് നല്‍കുന്നത്. ഈ പാസ്സുമായി വരുന്നവരെ അതിര്‍ത്തിയില്‍ പരിശോധിക്കുമ്പോള്‍ പ്രസ്തുത വിവരം തത്സമയം തന്നെ വ്യക്തിയുടെ മേഖലയിലെ ആരോഗ്യ വിഭാഗത്തെ അറിയിച്ച ശേഷമാണ് അയാളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. അയാള്‍ പ്രസ്തുത സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്‌തെന്നും ക്വാറന്റൈനില്‍ പ്രവേശിച്ചെന്നും തിരിച്ച് സന്ദേശവും നല്‍കണം. അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ അവരോട് ഫോണില്‍ ബന്ധപ്പെട്ട് സുഖ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കണം. എന്തെങ്കിലും അസുഖ ലക്ഷണം ഉണ്ടെങ്കില്‍ ഉടന്‍ ടെസ്റ്റിന് വിധേയമാക്കണം. ആശുപത്രിയില്‍ ഐസൊലേഷന്‍ മുറി സജ്ജമാക്കണം. ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍ വിദേശത്ത് നിന്ന് ആളെ ഇറക്കുമതി ചെയ്തിട്ടില്ല, യന്ത്രമനുഷ്യന്‍മാരുമില്ല. നമ്മുടെ പ്രഷറും ഷുഗറും നോക്കി മരുന്ന് തരികയും, കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ കുത്തുകയും, വീട് വീടാന്തരം കയറി ആരോഗ്യകാര്യങ്ങള്‍ തിരക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്ന സര്‍ക്കാംര്‍ ഡോക്ടര്‍മാരും നഴ്‌സുമാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും, ആശ, അംഗന്‍വാടി പ്രവര്‍ത്തകരും ഒക്കെ തന്നെ. അവരുടെ പഴയ ജോലികള്‍ ചെയ്യാനും മറ്റാരും വന്നിട്ടില്ല.
ഇങ്ങനെ ഒത്തിരി പദ്ധതികള്‍ ആസൂത്രണം ചെയ്തു വെച്ച ഒരു രേഖയാണ് ഈ പാസ്സ്. പലരും വിചാരിച്ച പോലെ ബസ്സിലും തീവണ്ടിയിലും സൗജന്യ യാത്രക്കു വേണ്ടി കൊണ്ടു നടക്കുന്ന പോലത്തെ കടലാസ്സ് കഷണമല്ല. പാസ്സില്ലാതെ വരുമ്പോള്‍ തെറ്റുന്നത് ഈ പ്ലാനിംഗാണ്. സമയം നഷ്ടപ്പെടുന്നത് എല്ലാവര്‍ക്കുമാണ്. രോഗവ്യാപനത്തിന്റെ റിസ്‌കും എല്ലാവര്‍ക്കുമാണ്.

ഇനി ഇതൊക്കെ തെറ്റിക്കാനും മാര്‍ഗങ്ങളുണ്ട്. പാസ്സ് ഇല്ലാതെ അതിര്‍ത്തിയില്‍ വരാം. അവിടെ തിക്കും തിരക്കും ഉണ്ടാക്കാം. പാവം പോലീസുകാരന്റെ നെഞ്ചത്തേക്ക് കയറാം, അവരുടെ വായിലേക്ക് വൈറസ് ഊതിക്കൊടുക്കാം. എല്ലാവരുടേയും കണ്ണ് വെട്ടിച്ചു അതിര്‍ത്തി കടക്കാന്‍ ശ്രമിക്കാം. അതിര്‍ത്തിയില്‍ പാസ്സ് കാണിച്ചു പറഞ്ഞ സ്ഥലത്തേക്ക് പോകാതെ മുങ്ങാന്‍ ശ്രമിക്കാം.

ഇതെല്ലാം തെറ്റിക്കാമെന്ന് വിചാരിക്കുന്നവരോട് അവസാനമായി ഒരു ഉപദേശം കൂടി. നിങ്ങളെ ഇവിടെയെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രത്യുപകാരമാണ് അച്ചടക്കത്തോടെയുള്ള ക്വാറന്റൈന്‍. അതു തെറ്റിയാല്‍ അപകടം എല്ലാവര്‍ക്കുമാണ്. അപകടത്തില്‍ ആദ്യം നിങ്ങളുടെ കുടുംബമാണ്. അവിടുത്തെ പ്രായം കൂടിയവരാണ്. അവരെ അപകടത്തിലാക്കരുത്.

അനുസരണക്കേട് കാണിക്കുന്ന ഓരോരുത്തരുടെയും മനസ്സില്‍ ഒരു അമിത ആത്മവിശ്വാസമുണ്ടാകും. തങ്ങള്‍ക്ക് ഒരു മൂക്കൊലിപ്പു പോലുമില്ലല്ലോ, അതു കൊണ്ട് ക്വാറന്റൈന്‍ തെറ്റിച്ചാലും ആരും അറിയില്ലല്ലോ. എന്നാല്‍ ഇതുവരെ കേരളത്തില്‍ ഉണ്ടായ കഥ നിങ്ങള്‍ അറിഞ്ഞിട്ടില്ല. ഒരു ലക്ഷണവും ഇല്ലാത്ത അനുസരണക്കേട് കാട്ടിയവര്‍ കുറേ പേരെ രോഗികളാക്കിയിട്ടുണ്ട്. രോഗി ആയി കഴിയുമ്പോള്‍ കഥകള്‍ പുറത്തു വരിക തന്നെ ചെയ്യും. നിങ്ങള്‍ പോയ വഴികള്‍ എല്ലാം വിചാരണ ചെയ്യപ്പെടും. നിങ്ങളെ ഒരു വില്ലനാക്കി ചിത്രീകരിക്കും. അതുകൊണ്ട് ഒരു പതിനാല് ദിവസം നിങ്ങള്‍ നാടിന് വേണ്ടി ത്യാഗം ചെയ്യുവിന്‍.

ഇതൊന്നുമല്ല വോട്ട് കിട്ടലും തിരഞ്ഞെടുപ്പും ആണ് ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഒറ്റ കാര്യം, നമ്മള്‍ ഉണ്ടെങ്കിലല്ലേ തെരഞ്ഞെടുപ്പും ജയവും. ആശുപത്രിയില്‍ രോഗിയെ പരിചരിച്ച് കോവിഡ് കിട്ടി രക്തസാക്ഷി ആയാല്‍ ഹീറോ ആകും, ചെക്ക് പോസ്റ്റില്‍ വിളിക്കാതെ പോയി കോവിഡ് വാങ്ങിയാല്‍ ഹീറോയല്ല ഒരു വലിയ സീറോ ആകും. സിനിമയില്‍ പറഞ്ഞ പോലെ വിഡ്ഢിയുടെ സാഹസം അല്ല ധൈര്യം. ചുമരുണ്ടെങ്കില്‍ അല്ലേ നമ്മുടെ ചിഹ്നം വരക്കാന്‍ എങ്കിലും കഴിയൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com