

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ എൽഡിഎഫും യുഡിഎഫുമായാണ് മത്സരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുള്ള ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കും. വിന്ധ്യാപർവതത്തിനിപ്പുറത്തെ ജനങ്ങൾ ബിജെപിയെ അംഗീകരിക്കില്ലെന്നും ഇടതുപക്ഷത്തിലാണ് ജനങ്ങളുടെ വിശ്വാസമെന്നും കോടിയേരി പറഞ്ഞു.
എൽഡിഎഫിന് വോട്ടും ഭൂരിപക്ഷവും വർധിക്കും. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ എൽഡിഎഫ് പ്രചാരണത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞു. ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണം. ബിഡിജെഎസിന് ഒരിക്കലും ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ല. ചാതുർവർണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് ബിജെപി. ശ്രീനാരായണഗുരുവിന്റെ ആദർശങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതാണ് ബിഡിജെഎസ്. ഈ രണ്ടു പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ട്.
ബിജെപി ബന്ധം ഉപേക്ഷിച്ച് ശ്രീനാരായണഗുരുവിന്റെ ആദർശങ്ങളിൽ ഊന്നിനിന്ന് ബിഡിജെഎസ് പ്രവർത്തിക്കണം. ബിജെപിയുമായി നിസ്സഹകരണം തുടരാനുള്ള ബിഡിജെഎസിന്റെ തീരുമാനം എൻഡിഎയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടും. ഇരു പാർടികളുടെയും ബന്ധത്തിന് ആയുസ്സുണ്ടാകില്ലെന്ന് രണ്ടു വർഷം മുമ്പേ സിപിഐ എം വ്യക്തമാക്കിയതാണ്. ബിഡിജെഎസ് ബിജെപി ബന്ധം ധൃതരാഷ്ട്രാലിംഗനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates