തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ (45) മരണത്തിലെ ദുരൂഹത മാറ്റാൻ അമ്മയെ ചോദ്യം ചെയ്യും. മരണ സമയത്ത് അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തു നിന്ന് ആളുകൾ വരാൻ സാധ്യത കുറവായതിനാൽ അമ്മയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് പറയുന്നു.
ഇവരെ ചോദ്യം ചെയ്യാൻ മെഡിക്കൽ സംഘത്തിന്റെ സേവനം തേടി പൊലീസ് കത്തു നൽകി. പത്ത് വർഷം മുൻപ് വാഹനാപകടത്തിൽ മകനും ഭർത്താവും മരിച്ചശേഷം അമ്മ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. മനഃശാസ്ത്രജ്ഞരെ സംഘത്തിൽ ഉൾപ്പെടുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം.
അടുക്കളയിൽ വീണു കിടക്കുന്ന നിലയിലാണ് ജാഗി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ മുറിയിൽ കണ്ടെത്താനായിട്ടില്ല. ശരീരത്തിൽ മുറിവുകളില്ലായിരുന്നു.
കുഴഞ്ഞു വീണതാണോ ബല പ്രയോഗത്തിലൂടെ തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താന്‍ ജാഗിയുടെ അമ്മയിൽ നിന്ന് വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. കുറവൻകോണം ഹിൽ ഗാർഡൻസിലെ വീട്ടിലാണ് അമ്മയ്ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്.
ജാഗിയെ ഫോണിൽ കിട്ടുന്നില്ലെന്ന് ഒരു സുഹൃത്ത് അറിയിച്ചതിനെ തുടർന്ന് കുടുംബ സുഹൃത്തായ ഡോക്ടർ വീട്ടിലെത്തി. പൂട്ടിയ ഗേറ്റിന് ഉള്ളിൽ നിൽക്കുകയായിരുന്നു അമ്മ. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പാചകത്തിനായി ഉള്ളി അരിഞ്ഞു വച്ച നിലയിലായിരുന്നു. തുണികൾ അലക്ക് യന്ത്രത്തിൽ ഇട്ടിരുന്നു. ജാഗിയുടെ ഫോൺ പരിശോധിച്ച പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. ബന്ധുക്കളുമായി ജാഗി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ഏഴ് വർഷം മുൻപ് വിവാഹ ബന്ധം വേർപ്പെടുത്തി. മോഡലിങ് രംഗത്തു സജീവമായിരുന്നു ജാഗി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates