

തിരുവനന്തപുരം: ലോക്ക്ഡൗൺ ഈ മാസം 31 വരെ നീട്ടിയ സാഹചര്യത്തിൽ ജില്ലക്കകത്ത് പൊതു ഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജല ഗതാഗതമടക്കം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
പൊതു ഗതാഗതത്തിന് സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകൾ മാത്രമെ പൊതു ഗതാഗതത്തിൽ അനുവദിക്കുകയുള്ളു. നിന്ന് യാത്ര അനുവദിക്കില്ല.
അന്തർ ജില്ലാ യാത്രകൾക്ക് പൊതു ഗതാഗതമുണ്ടാകില്ല. സ്വന്തം വാഹനത്തിൽ അന്തർ ജില്ലാ യാത്ര അനുവദിക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആഴ് വരെയാണ് അനുമതി. ഇതിന് പ്രത്യേക പാസ് ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഓട്ടോ, ടാക്സി സർവീസുകൾക്കും അനുമതിയുണ്ട്. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ട് പേർ മാത്രമേ പാടുള്ളു. കുടുംബമാണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോയിൽ ഡ്രൈവർക്ക് പുറമെ ഒരാൾക്കും കുടുംബമാണെങ്കിൽ മൂന്നാൾക്കും യാത്രയാകാം. ഇരു ചക്ര വാഹനത്തിൽ കുടുംബാംഗമാണെങ്കിൽല മാത്രം പിൻസീറ്റ് യാത്ര അനുവദിക്കും.
ആരോഗ്യാ കാര്യങ്ങളുൾപ്പെടെയുള്ള അത്യാവശ്യങ്ങൾക്കായി പോകുന്ന യാത്രക്കാർക്ക് ഇളവ് അനുവദിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലേക്കും അതിന് പുറത്തേക്കുമുള്ള യാത്ര അനുവദിക്കില്ല.
അത്യാവശ്യ ഘട്ടങ്ങളിൽ ഇത്തരം സോണുകളിലെത്തുന്നവർ ഹോം ക്വാറന്റൈനോ സ്ഥാപന ക്വാറന്റൈനോ സ്വീകരിക്കേണ്ടതാണ്. സർക്കാർ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് സോണുകളിലേക്കുള്ള യാത്രക്ക് തടസമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates