

കോയമ്പത്തൂര്‍: പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിന്റെ പ്രതികരണം. തന്റെ പാട്ടുകള്‍ പാടിയതിന്റെ പേരില്‍ ആര്‍ക്കും വക്കീല്‍ നോട്ടീസ് അയയ്ക്കില്ലെന്നായിരുന്നു യേശുദാസ് പറഞ്ഞത്. എന്നാല്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ തന്റെ പാട്ടുകള്‍ പാടരുതെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ താന്‍ പങ്കുചേരുന്നില്ലെന്നും യേശുദാസ് പറഞ്ഞു.
എന്തുകൊണ്ടാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിന് നോട്ടീസ് അയച്ചതെന്ന് തനിക്ക് അറിയില്ല, അത് രാജയോടുതന്നെ ചോദിക്കണം. അക്കാര്യത്തില്‍ തന്നെ അതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ പക്ഷപാതമുണ്ടോയെന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിനും അതിന് മറുപടി പറയേണ്ടത് താനല്ലെന്നും പുസര്കാരം നിര്‍ണ്ണയിച്ചവരാണെന്നുമായിരുന്നു യേശുദാസിന്റെ മറുപടി.
എസ്.പി. ബാലസുബ്രഹ്മണ്യം, എസ്.പി.ബി.50 എന്ന സംഗീതപരിപാടിയുമായി ഇന്ത്യയിലും വിദേശത്തും പര്യടനം നടത്തുന്നതിനിടെയായിരുന്നു ഇളയരാജ തന്റെ പാട്ടുകള്‍ പാടരുതെന്നും അനുമതിയില്ലാതെ പാടിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും കാണിച്ച് വക്കീല്‍ നോട്ടീസയച്ചത്. കെ.എസ്. ചിത്രയും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിത്രയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യം എസ്.പി. ബാലസുബ്രഹ്മണ്യം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് പകര്‍പ്പവകാശം സംബന്ധിച്ച ഇളയരാജയുടെ വക്കീല്‍ നോട്ടീസ് വിവാദമായത്. സംഗീതലോകത്തെ പ്രമുഖരടക്കം പലരും പ്രതികരിച്ചിരുന്നു. ഇളയരാജയുടെ സഹോദരനും ആര്‍.കെ. നഗറില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുമായ ഗംഗൈ അമരന്‍ ശക്തമായ ഭാഷയിലായിരുന്നു ഇളയരാജയുടെ സമീപനത്തെ എതിര്‍ത്തത്. പാട്ടിന്റെ പകര്‍പ്പവകാശം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates