തരൂരിന്റെ പ്രചാരണം നിരീക്ഷിക്കാന്‍ പട്ടോളെ ഇന്നെത്തും ; എഐസിസിയുടെ അവലോകന യോഗവും ഇന്ന്

തരൂരിന്റെ പ്രചാരണം നിരീക്ഷിക്കാന്‍ പട്ടോളെ ഇന്നെത്തും ; എഐസിസിയുടെ അവലോകന യോഗവും ഇന്ന്

വെറുതെ വന്ന് പ്രസംഗിച്ചുപോകാനല്ല യോഗം ചേരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
Published on

തിരുവനന്തപുരം  : തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എഐസിസി നിയോഗിച്ച നിരീക്ഷകന്‍ നാനാ പട്ടോളെ ഇന്ന് തലസ്ഥാനത്തെത്തും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് ഏകോപനമില്ലെന്നും, നേതാക്കള്‍ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാനാ പട്ടോളെയെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിരീക്ഷകനായി നിയോഗിച്ചത്. 

മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണ് നാനാ പട്ടോളെ. മുന്‍ ബിജെപി എംപിയായ പട്ടോളെ ഇത്തവണ നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ മല്‍സരിക്കുന്നുണ്ട്. മുന്‍ ആര്‍എസ്എസുകാരനായ പട്ടോളെ മോദിയെ വിമര്‍ശിച്ചാണ് 2018 ല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 


തിരുവനന്തപുരത്ത് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ഏകോപനമില്ല, നേതാക്കള്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങളിലും നിര്‍ജീവാവസ്ഥ നിലനില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ശശി തരൂര്‍ എഐസിസി നേതൃത്വത്തിന് മുമ്പാകെ പരാതിപ്പെട്ടത്. ഇത്തരത്തില്‍ നിലപാട് തുടര്‍ന്നാണ് മണ്ഡലത്തില്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്കയും തരൂര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടായത്. 

അതിനിടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എഐസിസിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. സംസ്ഥാനത്തിന്‍രെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ അധ്യക്ഷതയിലാണ് യോഗം. കെപിസിസി നേതാക്കള്‍, ഡിസിസി ഭാരവാഹികള്‍, പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. 

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് പ്രവര്‍ത്തനം യോഗം വിലയിരുത്തും. എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലെ പ്രവര്‍ത്തനങ്ങളും , ഭാവി തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് ആക്ഷേപമുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും പ്രശ്‌നങ്ങളും യോഗം വിലയിരുത്തും. പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്റെ പ്രചാരണപരിപാടികളില്‍ നിന്ന് ഒരു വിഭാഗം വിട്ടുനില്‍ക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. 

വെറുതെ വന്ന് പ്രസംഗിച്ചുപോകാനല്ല യോഗം ചേരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എത്രത്തോളം മുന്നോട്ടുപോയി, ഇനി എന്തെല്ലാം ചെയ്യാനുണ്ട്, സംഘടനയുടെ പ്രവര്‍ത്തനം എത്രത്തോളം മുന്നോട്ടു പോയി എന്ന് വിലയിരുത്താനാണ് യോഗം ചേരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com