

കൊല്‍ക്കത്ത: താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ ഭേദഗതിക്കെതിരായ റാലിയില്‍ സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്.
ആര്‍ക്കും പൗരത്വം പോലുള്ള തങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞു.തനിക്കുപോലും തന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ലെന്നും ജനങ്ങള്‍ക്ക് അതെങ്ങനെയാണ് തെളിയിക്കാനാവുകയെന്നും മമത ചോദിച്ചു.
ബിജെപി കളിക്കുന്നത് തീ കൊണ്ടാണെന്നും മമത കൂട്ടിച്ചേര്‍ത്തു. പൗരത്വനിയമഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ചില കേന്ദ്രങ്ങള്‍ വ്യാജപ്രചാരണം നടത്തുകയാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമായില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ നിര്‍ദേശം വന്നിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഫയലില്‍ തീരുമാനം എടുത്തിട്ടില്ല. മതപരമായ വിവേചനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു.
ദേശീയ പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കുന്നതിന്റെ ഭാഗമായി, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഒരുങ്ങുന്നു എന്ന തരത്തില്‍ ഒരു ദേശീയ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. ഇത് വ്യാപകമായി ചര്‍ച്ചയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates