

തിരുവനന്തപുരം: പോത്തന്‍കോട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവ് തെറ്റിദ്ധാരണ ഉണ്ടാക്കിയതായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് മനസിലാക്കിയതോടെ ഉത്തരവ് ഉടന്‍ തന്നെ പിന്‍വലിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ആദ്യം തീരുമാനിച്ചപ്രകാരമുളള നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നതെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.
പോത്തന്‍കോട് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതോടെ നിരീക്ഷണം ശക്തമാണ്. അതിനിടെ റേഷന്‍ കടകള്‍ അടക്കം തുറന്നുപ്രവര്‍ത്തിക്കേണ്ടതില്ല എന്ന തരത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. ഇത് പ്രായോഗികമല്ല എന്ന് കണ്ട് വൈകീട്ടോടെ കളക്ടര്‍ തന്നെ ഉത്തരവ് പിന്‍വലിച്ചതായി കടകംപളളി പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് കണ്ടാണ് കളക്ടര്‍ കടുത്ത നടപടി സ്വീകരിച്ചത്. റേഷന്‍ കടകള്‍ അടച്ചാലും മറ്റു ക്രമീകരണങ്ങള്‍ വഴി വീടുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാമെന്ന്് കളക്ടര്‍ വിചാരിച്ചുകാണും. കുടുംബശ്രീ വഴി ഭക്ഷ്യധാന്യം എത്തിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം കരുതിയത്. കുടുംബശ്രീക്കാരും മനുഷ്യരാണ്. അവരെ ഉപയോഗിച്ച് മാത്രം ഭക്ഷ്യധാന്യം വീടുകളില്‍ എത്തിക്കുന്നത് പ്രായോഗികമല്ല എന്ന് കണ്ടാണ് കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്നും കടകംപളളി പറഞ്ഞു.
ഇനി ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് കൂട്ടായ ആലോചനകള്‍ നടത്തണമെന്ന നിര്‍ദേശം നല്‍കിയതായും കടകംപളളി പറഞ്ഞു. തിരുവനന്തപുരത്ത് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് 18,058 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉളള 77 പേര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ആണെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates