'തിരോന്തരം കിടിലമാണ്...., ഈ ഓർമ്മകൾ മനോഹരങ്ങളാണ്... '; കുറിപ്പ്

കലയും സാഹിത്യവും സിനിമയും നിറയുന്ന നിശാഗന്ധിയും കനകക്കുന്നും മാനവീയവും ടാഗോർ തിയേറ്ററും .. ഉള്ളിൽ ആരവങ്ങൾ നിലക്കുന്നില്ല ...
'തിരോന്തരം കിടിലമാണ്...., ഈ ഓർമ്മകൾ മനോഹരങ്ങളാണ്... '; കുറിപ്പ്
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് സ്ഥലംമാറിപ്പോകുന്ന കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് തിരുവനന്തപുരമെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ ​ഗോപാലകൃഷ്ണൻ സൂചിപ്പിച്ചു.  സഹ്യാദ്രി മലനിരകളുടെ കുളിര്‍മയാണ് ഇവിടത്തെ സ്നേഹത്തിന്. തുലാവര്‍ഷപ്പെരുമഴ പോലെ തുള്ളിക്കൊരു കുടം പോലെ പെയ്തൊഴിയുന്നതാണ് ഈ നാടിന്റെ സങ്കടങ്ങള്‍.

ലോകത്തേറ്റവും സമ്പന്നമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ബീമാപള്ളിയും വെട്ടുകാട് പള്ളിയും മതസൗഹാര്‍ദത്തിന്റെ മഹനീയ ഇടം. മഹാത്മാ അയ്യന്‍കാളി, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ മഹാരഥന്‍മാരുടെ ജന്മസ്ഥലം. തിരുവനന്തപുരത്ത് ഇല്ലാത്തതായി ഒന്നുമില്ല. അഗസ്ത്യാര്‍കൂടത്തിന്റെ കരുത്തും തലയെടുപ്പുമാണ് ഈ നാടിന്റെ കരുതലിനെന്ന് അദ്ദേഹം ഓര്‍മിക്കുന്നു.

കെ ​ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കളക്ടറായാണ് സർക്കാർ മാറ്റിനിയമിച്ചത്. നവജ്യോത് സിങ് ഖോസയാണ് തിരുവനന്തപുരത്തെ പുതിയ ജില്ലാ കളക്ടർ.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

തിരോന്തരം കിടിലമാണ്....
എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.

തിരുവനന്തപുരം കേരളത്തിൻ്റെ തെക്കേയറ്റത്തെ ജില്ലയാണ്......

കേരളത്തിലെ ആദ്യ സർവകലാശാല, ആദ്യ മെഡിക്കൽ കോളേജ്, ആദ്യ റേഡിയോ സ്റ്റേഷൻ, ടെലിവിഷൻ കേന്ദ്രം, മൃഗശാല, മ്യൂസിയം ,വാനനിരീക്ഷണ കേന്ദ്രം, സർക്കാർ ആശുപത്രി, ലാ കോളേജ്, വനിതാ കോളേജ് ,പബ്ലിക് ലൈബ്രറി എല്ലാം ഇവിടെയാണ് ... ...

കേരളത്തിൻ്റെ തലസ്ഥാനമാണ് .......

മഹാത്മാഅയ്യങ്കാളി, ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയ മഹാരഥൻമാരുടെ ജന്മ സ്ഥലമാണ്....

എത്രയോ മികച്ച ഭരണാധികാരികൾ വാണിരുന്ന
ഭരണ സിരാകേന്ദ്രം സെക്രട്ടറിയേറ്റ് ഇവിടെയാണ്...

രാജ്യത്തെ പ്രധാനപ്പെട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്....

2192 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവനന്തപുരത്ത് ഇല്ലാത്തതായി ഒന്നുമില്ല ...

ലോകത്തേറ്റവും സമ്പന്നമായ പത്മനാഭസ്വാമി ക്ഷേത്രവും, ബീമാപള്ളിയും, വെട്ടുകാട് പള്ളിയും മതസൗഹാർദത്തിൻ്റെ മഹനീയ ചിത്രം വരയ്ക്കുന്നു ......

വാകമരങ്ങൾ തണലേകുന്ന നഗര റോഡുകളുടെ സൗന്ദര്യം എങ്ങനെ മറക്കും.....

മഹാരഥൻമാരുടെ പ്രതിമകൾ ചരിത്രം പറഞ്ഞു തരുന്നു ....

കലയും സാഹിത്യവും സിനിമയും നിറയുന്ന നിശാഗന്ധിയും കനകക്കുന്നും മാനവീയവും ടാഗോർ തിയേറ്ററും .. ഉള്ളിൽ ആരവങ്ങൾ നിലക്കുന്നില്ല ...

ചരിത്ര സാക്ഷികളായി നിൽക്കുന്ന മനോഹരങ്ങളായ യൂണിവേഴ്സിറ്റി കോളേജും, മ്യൂസിയവും, പബ്ലിക് ഓഫീസും അങ്ങനെയെത്ര കെട്ടിടങ്ങൾ തിരുവനന്തപുരമേ നിന്റെ പ്രൗഢമായ ഒരു വാസ്തുശില്പ പാരമ്പര്യം കാട്ടിത്തരുന്നു ........

നഗര കേന്ദ്രങ്ങളായ ചാലയും ,പാളയവും, ഗ്രാമചന്തകളായ ആറാലുംമൂടും മാമവും കാട്ടാക്കടയും മറ്റനേകം ചന്തമുള്ള ചെറു ചന്തകളും തിരുവനന്തപുരത്തിൻ്റെ നന്മനിറയുന്ന വ്യാപാര ജീവിതത്തിന്റെ നേർകാഴ്ചകളാണ്....

കേരളത്തിന്റെ ആദ്യ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ടെക്കികൾ, ഉദ്യോഗസ്ഥർ, മൽസ്യബന്ധനത്തൊഴിലാളികൾ എന്നിങ്ങനെ എല്ലാവരും മനസു നിറയെ നല്ല സ്വപ്നമുള്ളവർ .... അധ്വാനികൾ ....

അറബിക്കടലിൻ്റെ തിരമാലകളുടെ വെൺമയുള്ള മനസാണ് തിരുവനന്തപുരത്തിന്...

സഹ്യാദ്രി മലനിരകളുടെ കുളിർമയാണ് തിരുവനന്തപുരത്തിൻ്റെ സ്നേഹത്തിന്....

തുലാവർഷപ്പെരുമഴ പോലെ തുള്ളിക്കൊരു കുടം പോലെ പെയ്തൊഴിയുന്നതാണ് തിരുവനന്തപുരത്തിൻ്റെ സങ്കടങ്ങൾ.....

അഗസ്ത്യാർകൂടത്തിൻ്റെ കരുത്തും തലയെടുപ്പുമാണ് തിരുവനന്തപുരത്തിൻ്റെ കരുതലിന് ....

ഈ ഓർമ്മകൾ മനോഹരങ്ങളാണ്... അവ കുടഞ്ഞെറിയാനുള്ളതല്ല
കൂടെയുണ്ടാകും എപ്പോഴും...

കെ.ഗോപാലകൃഷ്ണൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com