

തൃശൂർ: ജില്ലയിൽ സമ്പൂർണ ലോക്ക്ഡൗൺ ആണെന്ന രീതിയിലുളള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങളുളളത്. ഇത് കർശനമായി പാലിക്കാനാണ് പോലീസിന് നിർദ്ദേശം നൽകിയിട്ടുളളത്. ഇതുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റുളള സ്ഥലങ്ങളിൽ നിലവിൽ സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുളള നിയന്ത്രണങ്ങൾ മാത്രമാണ് ബാധകം. മറിച്ചുളള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. ജില്ലയിൽ നിലവിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും കലക്ടർ പറഞ്ഞു.
തൃശൂരിൽ നഗരസഭാ ജീവനക്കാരിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. കോർപറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരിയാണ് ഇവർ. നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഇവർ ഉൾപ്പെട്ടിരുന്നു.
ജില്ലയിൽ ഇന്ന് 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ഏഴ് പേർക്കും തമിഴ്‌നാട് ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ ആൾക്ക് വീതവുമാണ് രോഗം കണ്ടെത്തിയത്. ഇതിന് പുറമെയാണ് സമ്പർക്കത്തിലൂടെ നഗരസഭാ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചത്.
പൊയ്യ സ്വദേശിനിയായ ആരോഗ്യ വിഭാഗത്തിലെ ഓഫീസ് ജീവനക്കാരി (33 വയസ്) ക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates