

കോട്ടയം: ബൂത്തിലെത്താന്‍ ഒരുദിനം മാത്രം ശേഷിക്കെ പാലായില്‍ ചൂടന്‍ വോട്ടുമറിക്കല്‍ ചര്‍ച്ച. നിശ്ശബ്ദ പ്രചാരണത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനാണ് വോട്ടുമറിക്കല്‍ ആശങ്കകള്‍ക്ക് തുടക്കമിട്ടത്. ഒരോ ബൂത്തിലും ബിജെപി 35 വോട്ട് വീതം യുഡിഎഫിന് നല്‍കുമെന്നും ഇതിന് രഹസ്യധാരണയില്‍ എത്തിയെന്നും കാപ്പൻ പറയുന്നു. ഇതോടെ ചര്‍ച്ച മുന്നണികളിലേക്കും പടര്‍ന്നുകയറി. ആരോപണ-പ്രത്യാരോപണങ്ങളുയര്ത്തി നേതാക്കള്‍ രംഗത്തെത്തിയതോടെ പാലായുടെ അന്തരീക്ഷത്തില്‍ വോട്ടുമറിക്കല്‍ നിശബ്ദ പ്രചാരണത്തിൽ നിറഞ്ഞുനിന്നു.
മാണി സി കാപ്പെന്റ ആരോപണം ശരിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചതോടെ മറുപടിയുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ഏതു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വോട്ടുമറിക്കുന്ന പാരമ്പര്യമാണ് ബിജെപിക്കുള്ളതെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ഇതു കണ്ടെന്നും കോടിയേരി പറഞ്ഞു. ഇത്തരം അവിശുദ്ധ നീക്കങ്ങള്‍ പാലായില്‍ ഏശില്ലെന്നും കോടിയേരി വ്യക്തമാക്കി.
തോല്‍വി സമ്മതിച്ചതിന്റെ തെളിവാണ് എല്‍ഡിഎഫ് ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍, അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
യുഡിഎഫ്-ബി.ജെ.പി കൂട്ടുക്കെട്ടെന്ന ആരോപണം മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള ക്രിസ്ത്യന്‍ വോട്ടുകളില്‍ ചാഞ്ചാട്ടം ലക്ഷ്യമിട്ടെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. ബി.ജെ.പി വോട്ട് യു.ഡി.എഫിന് നല്‍കുമെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ആരോപണം പരാജയം മുന്നില്‍കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് യു.ഡി.എഫ്. തെരഞ്ഞെടുപ്പു സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പറഞ്ഞു. വോട്ടെടുപ്പ് അടുത്തപ്പോള്‍ വന്‍ പരാജയം ഭയന്നുള്ള പരിഭ്രമത്തിലാണ് ഇടതുമുന്നണി. എല്ലാ തെരഞ്ഞെടുപ്പുകളുടെയും അവസാനം ഇടതുമുന്നണി ഉയര്‍ത്തുന്ന ആരോപണമാണിതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സത്യം തിരിച്ചറിഞ്ഞതിന്റെ വിഭ്രാന്തിയിലാണ് മാണി സി. കാപ്പന്റെ പ്രസ്താവനയെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ഹരിയുടെ പ്രതികരണം. മണ്ഡലത്തിലെ എന്‍.ഡി.എയുടെ പ്രകടനംകണ്ട് അന്ധാളിച്ച സി.പി.എം നേതൃത്വത്തിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കലാണ് കാപ്പന്റെ പ്രസ്താവന. മുന്‍കാലങ്ങളിലെ സി.പി.എം-കേരള കോണ്‍ഗ്രസ് രഹസ്യബന്ധം ഇത്തവണയും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള കോണ്‍ഗ്രസിന് വോട്ടുമറിക്കാനാണ് പാലയില്‍ സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാത്തതെന്നും എന്‍. ഹരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates