

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ നിഗൂഢമാക്കാന്‍ ശ്രമിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി തുടര്‍ച്ചയായി റിമാന്റ് നീട്ടുന്നതായി മനുഷ്യാവകാശ ലംഘനമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തടവുകാരുടെ അവകാശങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളായി പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മനുഷ്യാവകാശ കൂട്ടായ്മ ആരോപിക്കുന്നു.
പ്രതിയെ നേരിട്ടു കോടതിയില്‍ ഹാജരാക്കാതെ പ്രതിബിംബം മാത്രം ഹാജരാക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങിനോട് യോജിക്കാനാകില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തുറന്ന കോടതിയില്‍ മജിസ്‌ട്രേറ്റിനോടു സ്വതന്ത്രമായി ആശയവിനിമയം നടത്താനും അധികൃതര്‍ക്കെതിരെ പരാതി പറയാനും ബന്ധുക്കളെ കാണാനും അഭിഭാഷകരോട് സംസാരിക്കാനുമുള്ള അവസരമാണ് വീഡിയോ കോണ്‍ഫറന്‍സങ്ങില്‍ തടവുകാര്‍ നിഷേധിക്കപ്പെടുന്നത്. വിചാരണത്തടവുകാര്‍ക്ക് ഇടയ്ക്ക് പുറംലോകം കാണാനുള്ള സാഹചര്യവും ഇല്ലാതാവുന്നു.
വീഡിയോ കോണ്‍ഫറന്‍സിങ് ഏതാണ്ടു പൂര്‍ണമായും ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായതിനാല്‍ കസ്റ്റഡിക്കാര്യത്തില്‍ ജുഡീഷ്യറിയുടെ മേല്‍നോട്ടവും മേലധികാരവും പരിമിതപ്പെടുത്തപ്പെടുകയും ചെയ്യുന്നു. വീഡിയോ കോണ്‍ഫറന്‍സില്‍ പറയുന്ന മൊഴികള്‍ സ്വന്തം ഇഷ്ടപ്രകാരമാണോ ആരുടെയെങ്കിലും സമ്മര്‍ദ പ്രകാരമാണോ നല്‍കുന്നതെന്നു പോലും തിരിച്ചറിയാനാവില്ല. ജയില്‍ കെട്ടിടത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുന്‍പിലിരുന്നു മൊഴി നല്‍കുമ്പോള്‍ ഭയം കൂടാതെ പരാതികള്‍ ബോധിപ്പിക്കാന്‍ കഴിയില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഹര്‍ത്താലുകള്‍, അക്രമരാഷ്ട്രീയം, വധശിക്ഷ തുടങ്ങിയവയ്‌ക്കെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനയാണു പയ്യന്നൂരിലെ മനുഷ്യാവകാശ കൂട്ടായ്മ.
എഡിബി നിര്‍ദേശ പ്രകാരം ജയില്‍ നവീകരണ പദ്ധതിയുടെ പേരില്‍ 2007ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണു കസ്റ്റഡി നിയമം ഭേദഗതി ചെയ്തു വീഡിയോ കോണ്‍ഫറന്‍സിങ് നിയമവിധേയമാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍, ദിലീപിനെ നേരിട്ടു ഹാജരാക്കുമ്പോഴുണ്ടാവുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തു വീഡിയോ കോണ്‍ഫറന്‍സിങ്ങിനു പൊലീസ് അനുമതി തേടുകയായിരുന്നു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. ജൂലൈ 25നും ഓഗസ്റ്റ് എട്ടിനും ദിലീപിനെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണു ഹാജരാക്കിയത്. നിലവിലെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന ഓഗസ്റ്റ് 22നാണ് ഇനി ഹാജരാക്കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates