

തിരുവനന്തപുരം : സൈബർസെൽ പൊലീസ് ചമഞ്ഞു വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിലായി. കേസിലെ ഒന്നാം പ്രതി മടത്തറ ഇലവുപാലം തേരിയിൽ ബർക്കത്ത് മൻസിലിൽ അബ്ദുൽഷിബു(44) പിടിയിലായത്. ഒന്നര വർഷം മുൻപാണ് സംഭവം. നഗ്ന ഫോട്ടോകളും വീഡിയോയും കിട്ടിയതായി ബ്ലാക്ക് മെയിൽ ചെയ്ത് വീട്ടമ്മയിൽ നിന്നും 10ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങിയപ്പോൾ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് വലിയതുറ പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് പാലോട് സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
നഗ്ന ഫോട്ടോകളും വീഡിയോയും സൈബർ സെല്ലിനു കിട്ടിയതായാണ്, പാലോട് സ്വദേശിയായ വീട്ടമ്മയെ നിരന്തരം ഫോണിൽ വിളിച്ചു പ്രതിയും സംഘവും ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങളും വീഡിയോയും നശിപ്പിച്ചു കളയാൻ സർക്കാരിലേക്ക് 10ലക്ഷം കെട്ടിവയ്ക്കണമെന്നും പറഞ്ഞ് ഇവർ 10 ലക്ഷം രൂപ കൈപ്പറ്റി. ഈ പണം ഉപയോഗിച്ച് പ്രതികൾ ആർഭാടജീവിതം നയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കേസിലെ രണ്ടാം പ്രതി ഷിബുവിന്റെ ഭാര്യ മദീന, മൂന്നും നാലും പ്രതികളായ ഷാൻ, മുഹമ്മദ്ഷാഫി എന്നിവരെ എട്ടു മാസങ്ങൾക്കു മുൻപ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates