

ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റ് ആണെന്ന് കോവിഡ് കാലത്തു ബോധ്യപ്പെട്ടതായി എഴുത്തുകാരി കെആര്‍ മീര. ദൈവത്തിനു മതനിരപേക്ഷതയും നീതിബോധവുമുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ മീര പറഞ്ഞു.
കെആര്‍ മീരയുടെ കുറിപ്പ്:
ധര്‍മ്മശാസ്താവിന് പെണ്ണുങ്ങളെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം.
അങ്ങനെ പറയുന്ന ആണുങ്ങളെയും കാണണ്ട എന്ന് അവിടുന്നു തീരുമാനിച്ചു.
ശ്രീപദ്മനാഭന് കാലുറയിട്ടവരെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം.
മുഖംമൂടിയിട്ടാലും പ്രശ്‌നമില്ല എന്ന് അവിടുന്നു തെളിയിച്ചു.
തൃശൂര്‍ പൂരത്തിന് കുടമാറ്റവും വെടിക്കെട്ടും ഇല്ലെങ്കില്‍ ഹൈന്ദവരുടെ വികാരം വ്രണപ്പെടുമെന്നായിരുന്നു ആശങ്ക.
അവനവന്റെ ആരോഗ്യത്തെയും ജീവനെയുംകാള്‍ വലുതല്ല ഒരു പൂരവും എന്നു ഹൈന്ദവര്‍ക്കു ബോധ്യപ്പെട്ടു.
അമ്പലത്തിലെ കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല, വിശ്വാസികളും മതമേധാവികളും തന്ത്രജ്ഞരും ആണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രോശം.
ഇപ്പോഴിതാ, തന്ത്രിയോടും ചോദിച്ചില്ല, ആള്‍ ദൈവങ്ങളോടും ചോദിച്ചില്ല– ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശിച്ചു, കേന്ദ്രഗവണ്‍മെന്റ് അനുസരിച്ചു.
പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പോകരുതെന്നായിരുന്നു ആചാരവാദികളുടെ ഭീഷണി.
സ്ത്രീയായാലും പുരുഷനായാലും പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ളവര്‍ മാത്രം അമ്പലത്തില്‍ പോയാല്‍ മതി എന്ന് കേന്ദ്രഗവണ്‍മെന്റ് തന്നെ തീരുമാനിച്ചു.
നടയടയ്ക്കല്‍, ശുദ്ധികലശം, പുണ്യാഹം, പ്രായശ്ചിത്തം – എന്തൊക്കെയായിരുന്നു പുകില്‍!
ഇപ്പോഴിതാ, സാനിട്ടൈസര്‍, മാസ്‌ക്, വിര്‍ച്വല്‍ ക്യൂ, ഓണ്‍ലൈന്‍ ബുക്കിങ്, അമ്പതു പേര്‍ക്കു മാത്രം പ്രവേശനം... !
മസ്ജിദിലാണെങ്കില്‍, പെണ്ണുങ്ങള്‍ക്കു മാത്രമല്ല, ആണുങ്ങള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടു.
പള്ളിയിലാണെങ്കില്‍, കന്യാസ്ത്രീകള്‍ക്കു മാത്രമല്ല, അച്ചന്‍മാര്‍ക്കും കുര്‍ബാന കൊടുക്കാന്‍ മേലാതായി.
അതിനാല്‍ സര്‍വമതങ്ങളിലുംപെട്ട യുക്തിവാദികളും നിരീശ്വരവാദികളുമായ സുഹൃത്തുക്കളേ,
പരമകാരുണികന്റെ നാമത്തില്‍
ഞാന്‍ നിങ്ങളോട് സത്യം സത്യമായി പറയുന്നു :
ദൈവം ഉണ്ട്.
ദൈവത്തിന് നീതിബോധമുണ്ട്.
മതനിരപേക്ഷതയുമുണ്ട്.
കാരണം, ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates