നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പരാമര്‍ശം; മാപ്പുപറഞ്ഞ് സലീം കുമാര്‍

എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാതവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു
നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പരാമര്‍ശം; മാപ്പുപറഞ്ഞ് സലീം കുമാര്‍
Updated on
2 min read

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ നുണപരിശോധനയ്ക്ക്് വിധേയമാക്കണമെന്ന് അഭിപ്രായത്തില്‍ മാപ്പ് ചോദിച്ച് നടന്‍ സലീം കുമാര്‍. ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ടിരുന്ന ഒരു പോസ്റ്റില്‍ ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാതവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കുമെന്നാണ് സലീം കുമാര്‍ പറഞ്ഞത്.

വിവാദമായ സലീം കുമാറിന്റെ പോസ്റ്റ് 

നടന്‍ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാല്‍ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മള്‍ 2013 ല്‍ കണ്ടതാണ്.ദിലീപ് മഞ്ജു വാരിയര്‍ ഡിവോഴ്‌സ്. പിന്നീട് പലരാല്‍ പല വിധത്തില്‍ ആ കഥയ്ക്ക് മാറ്റം വരുത്തി. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വരെ ദിലീപിന്റെ പേര് വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്. സംഭവം നടന്നു അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മറ്റൊരു വഴിത്തിരിവില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. പള്‍സര്‍ സുനി ജില്ലാ ജയിലില്‍ വെച്ച് ജയിലറിന്റെ സീലോടു കൂടി എഴുതിയ ഒരു കത്ത് ഇന്നലെ മുതല്‍ ചില ചാനലുകള്‍ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപോലുള്ളവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്ന് ജില്ലാ ജയിലില്‍ വെച്ച് ജയിലറിന്റെ സീലോടുകൂടി പള്‍സര്‍ സുനി എഴുതി എന്ന് പറയപ്പെടുന്ന ബ്ലാക്ക്‌മെയിലിങ് സ്വരമുള്ള ഈ കത്ത് ആദ്യം ഏല്‍പ്പിക്കേണ്ടത് പോലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ , അല്ലാതെ ചില ചാനലുകള്‍ക്ക് സംപ്രേഷണം ചെയ്യാന്‍ കൊടുക്കുകയാണോ വേണ്ടത് ?
ഇതിനിടയില്‍ ദിലീപിനെ ഈ കേസില്‍ അകപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ രണ്ടു മൂന്ന് നടി നടന്മാരുടെ പേരുകളും കേള്‍ക്കുന്നുണ്ട്. ഇതും ഞാന്‍ വിശ്വസിക്കുന്നില്ല കാരണം ' പള്‍സര്‍ സുനി അന്തം വിട്ട പ്രതിയാണ്. അയാള്‍ എന്തും പറയും '.
ഈ സംഭവത്തില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചു വെച്ചിട്ടില്ല , നാദിര്‍ഷാക്കും അപ്പുണ്ണിക്കും ( ദിലീപിന്റെ പി എ ) വന്ന വിഷ്ണു എന്നയാളുടെ ഫോണ്‍ റെക്കോര്‍ഡും വാട്‌സാപ്പില്‍ വന്ന കത്തും ഡി.ജി.പി ക്ക് കൈമാറി കഴിഞ്ഞു.
ജീവിതത്തില്‍ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍. ഒരിക്കല്‍ പോലും ഫോണില്‍ ബന്ധപെട്ടിട്ടില്ലാത്ത പള്‍സര്‍ സുനി എന്നൊരാള്‍ക്ക് ഒരു നടിയുടെ വീഡിയോക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാന്‍തക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല. ഒരു കാര്യം സത്യമാണ് എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയില്‍ ഇരുന്ന് ചിരിക്കുന്നുണ്ട് .അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാം.
ഇത് ഒരു സ്‌നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോര്‍ക്കണം. ഞാന്‍ എഴുതുന്ന ഈ പോസ്റ്റിനു താഴെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ അച്ഛനെയും അമ്മയെയും സ്മരിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും കമന്റ് എഴുതും എന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് സ്വാഗതം കാരണം പ്രതികരണം ഏതു രീതിയിലും ആവാമല്ലോ.
ദിലീപും നാദിര്‍ഷായും എന്റെ സ്‌നേഹിതന്മാരാണ്.അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം പള്‍സര്‍ സുനിയെ ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും...അവിടെ തീരും എല്ലാം .
സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട് അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ല.എന്റെ അറിവില്‍ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്ക്കായി സിനിമ രംഗത്തെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദിലീപ് കുറ്റവാളി ആണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കില്‍ നമ്മള്‍ ഏല്‍പ്പിച്ച കളങ്കങ്ങള്‍ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്.മാധ്യമങ്ങള്‍ സ്വന്തമായി വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ ഈ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക , ഭയപ്പെടുക , പ്രതികരിക്കുക.
' അവര്‍ ക്രിസ്ത്യാനികളെ തേടി വന്നു 
ഞാന്‍ ഭയപ്പെട്ടില്ല , ഞാന്‍ ക്രിസ്ത്യാനി അല്ല.
അവര്‍ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു 
ഞാന്‍ ഭയപ്പെട്ടില്ല , ഞാന്‍ പ്രൊട്ടസ്റ്റന്റ് അല്ല.
അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു 
ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല.
അവസാനം അവര്‍ എന്നെ തേടി വന്നു. 
അപ്പോള്‍ എനിക്ക് വേണ്ടി ഭയപ്പെടാന്‍ ആരുമുണ്ടായില്ല .
എട്ട് വരികള്‍ മാത്രമെഴുതി ലോക പ്രശസ്തനായ പാസ്റ്റര്‍ നിമോളറുടെ വരികളാണ് ഇത്...
തല്‍ക്കാലം നിര്‍ത്തട്ടെ ,
സലിംകുമാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com