'നമുക്കാകെ അപമാനം തോന്നുന്നത് രതി വില്‍ക്കുന്ന സ്ത്രീകളെ ഓര്‍ത്താണു'

ലൈംഗീകത വാങ്ങുന്നവനാണു ആ പദം ഉപയോഗിക്കുന്നതു എന്നിടത്താണതിന്റെ മനുഷ്യത്വ രഹിതമുഖം മറഞ്ഞിരിക്കുന്നത്
'നമുക്കാകെ അപമാനം തോന്നുന്നത് രതി വില്‍ക്കുന്ന സ്ത്രീകളെ ഓര്‍ത്താണു'
Updated on
2 min read

കൊച്ചി: കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് മാപ്പ് പറഞ്ഞ് ജോര്‍ജ്ജ് തടിയൂരിയെങ്കിലും പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നു. സോഷ്യല്‍ മീഡിയയിലും പുറത്തും ജോര്‍ജ്ജിന്റെ വിവാദപരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്. ജോര്‍ജ്ജിന്റെ പരാമര്‍ശത്തെ കേവലം ഖേദപ്രകടനം കൊണ്ട് മായ്ച് കളയാനാവില്ലെന്നും ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുകയാണ് പ്രീത ജിപി. ജോര്‍ജിന്റെ മൊത്തം രാഷ്ട്രിയ ബോധ്യമില്ലായ്മയെ ഒരു മാപ്പില്‍ അവസാനിപ്പിക്കാന്‍ എന്തെളുപ്പമാണ്. ലിംഗാധികാര രാഷ്ട്രിയത്തിന്റെ ധാരണകള്‍ ഒന്നും ആവശ്യമില്ല ജനപ്രതിനിധിക്ക്. ഇത്ര രാഷ്ട്രിയ മില്ലാത്തവരാണ് നമ്മുടെ രാഷ്ട്രിയ നേതാക്കള്‍ എന്നതു നമുക്കപമാനമല്ല. നമുക്കാകെ അപമാനം തോന്നുന്നത് രതി വില്‍ക്കുന്ന സ്ത്രീകളെ ഓര്‍ത്താണു. ആയുധ കച്ചവടം വരെ മാന്യമായ തൊഴിലാണ്- പ്രീത കുറിപ്പില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം


എന്നെ ഒരാള്‍ വേശ്യായെന്നു വിളിച്ചാല്‍ എനിക്കതിലുള്ള പ്രതിഷേധം അങ്ങനെ വിളിക്കപ്പെട്ടതിലല്ല. എന്നെ അത്തരത്തില്‍ വിളിക്കാന്‍ കാരണമായ രാഷ്ട്രിയ ബോധ്യങ്ങളോടാണ്. വേശ്യകള്‍ എന്നു നിങ്ങള്‍ അധിക്ഷേപിക്കുന്നവര്‍ അഴിമതി നടത്തുകയോ, കൈക്കൂലി വാങ്ങുകയോ ചെയ്യുന്ന വിഭാഗമല്ല. അവര്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതോ അല്ലങ്കില്‍ മനുഷ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരോ അല്ല. അവര്‍ വില്‍ക്കുന്നത് രതിയാണ്. നിങ്ങളുടെ ലൈംഗിക ദാരിദ്ര സമൂഹത്തിന്റെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട കച്ചവടം. വില്‍ക്കുന്നവരായിട്ടും പലയിടത്തും ചൂഷണം ചെയ്യപ്പെടുന്നവര്‍. അപമാനം നേരിടുന്നവര്‍. അവര്‍ ആരും കസ്റ്റമറെ അന്വേഷിച്ചു നിങ്ങളുടെ വീടുകളില്‍ വരാറില്ല , എന്നിട്ടും.

നിങ്ങളുടെ സമൂഹത്തില്‍ നടക്കുന്ന വ്യവഹാരങ്ങളുടെ തന്നെ എക്‌സ്‌റ്റെന്‍ഷനാണത്. സാമൂഹിക അംഗീകാരം ലഭിക്കാത്ത മറ്റൊരു രീതിയാണത്. ഭര്‍ത്താവിനെ വിലക്കു വാങ്ങുന്നവര്‍ , ഭാര്യയെ വിലക്കു വാങ്ങുന്നവര്‍ ഒക്കെയാണ് ലൈംഗികത വില്‍ക്കുന്നവളെ പരിഹസിക്കുന്നത്. നിങ്ങളുടെ ഉദാത്ത ഭാര്യാഭത്രു ബന്ധം കൊടുക്കല്‍ വാങ്ങലുകളില്‍ അധിഷ്ടിതമായ ഒറ്റ പങ്കാളി ബന്ധം എന്താണ്. നിങ്ങള്‍ ഒപ്പു വയ്ക്കുന്ന ഒരു കരാറില്‍ നിലനില്‍ക്കുന്ന ബന്ധങ്ങള്‍. ആ കരാര്‍ ജീവിതകാലം മുഴുവന്‍ ഉള്ള ലൈംഗിക പങ്കാളിയുമായുള്ള കരാര്‍ ആണ്. വൈകാരികവും , ലൈംഗികവും, സാമ്പത്തികവുമായ എന്തെല്ലാം കൊടുക്കല്‍ വാങ്ങലുകളുടെ അലിഖിത / ലിഖിത കരാറുകള്‍ നിറഞ്ഞ ഒരു ബന്ധമാണ് നിങ്ങളുടേത്. ആ അര്‍ത്ഥത്തില്‍ നിങ്ങള്‍ പറയുന്ന വേശ്യാവൃത്തി ഒറ്റ ദിവസത്തെ മാത്രം കരാറാണ്. അതിനു സാമൂഹിക അംഗീകാരം ഇല്ലായെന്നു മാത്രം. അതുകൊണ്ടാണു എംഗല്‍സ് monogamy and prostitution are two sides of the same coin എന്നു പറഞ്ഞത്. വിവാഹം എന്ന ഓമനപ്പേരിലറിയപ്പെടുന്ന സംവിധാനം വേശ്യാവൃത്തി തന്നെയാണ്. സാമൂഹിക അംഗീകാരവും മാന്യതയും ഉണ്ടന്നു മാത്രം.

നിങ്ങള്‍ ഒരാളെ വേശ്യായെന്നു വിളിക്കുമ്പോള്‍ അപമാനിക്കുന്നത് വിളിക്കപ്പെടുന്ന സ്ത്രീയല്ല. ആ തൊഴില്‍ ചെയ്യുന്ന സ്ത്രീകളാണ്. ലൈംഗീകത വാങ്ങുന്നവനാണു ആ പദം ഉപയോഗിക്കുന്നതു എന്നിടത്താണതിന്റെ മനുഷ്യത്വ രഹിതമുഖം മറഞ്ഞിരിക്കുന്നത്. പാട്രിയാര്‍ക്കല്‍ അജണ്ടകള്‍ ഒളിഞ്ഞിരിക്കുന്നത്. വാങ്ങാന്‍ ആളുള്ളതു കൊണ്ടു മാത്രം വില്‍ക്കപ്പെടുന്ന ഒന്നിനെ വാങ്ങുന്നവന്‍ തന്നെ പരിഹസിക്കുന്ന വിരോധാഭാസം.

അതു കൊണ്ട് ജോര്‍ജിന്റെ മൊത്തം രാഷ്ട്രിയ ബോധ്യമില്ലായ്മയെ ഒരു മാപ്പില്‍ അവസാനിപ്പിക്കാന്‍ എന്തെളുപ്പമാണ്. ലിംഗാധികാര രാഷ്ട്രിയത്തിന്റെ ധാരണകള്‍ ഒന്നും ആവശ്യമില്ല ജനപ്രതിനിധിക്ക്. ഇത്ര രാഷ്ട്രിയ മില്ലാത്തവരാണ് നമ്മുടെ രാഷ്ട്രിയ നേതാക്കള്‍ എന്നതു നമുക്കപമാനമല്ല. നമുക്കാകെ അപമാനം തോന്നുന്നത് രതി വില്‍ക്കുന്ന സ്ത്രീകളെ ഓര്‍ത്താണു. ആയുധ കച്ചവടം വരെ മാന്യമായ തൊഴിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com