കൊച്ചി: ആലുവ അശ്വതി നാടക തിയേറ്റേഴ്‌സിനെതിരായ നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുകയാണെങ്കിൽ നാടക കമ്പനിയിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ച പിഴത്തുക ബിഡിജെഎസ് സംസ്ഥാന നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് തുഷാാർ വെള്ളാപ്പള്ളി. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്ക് ഈ നാടക കമ്പനിയെ അറിയില്ലെങ്കിലും നാടകം എന്ന കലയെയും കലാകാരന്മാരെയും കുറിച്ചറിയാം. പണ്ട് നാട്ടിൻപുറങ്ങളിൽ നാടകങ്ങളിലൂടെ ആശയ പ്രചാരണം നടത്തി അധികാരത്തിൽ വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അറിയാം. അത്തരത്തിലുള്ള സർക്കാർ ഭരിക്കുമ്പോൾ, അസംഘടിതരായ കലാകാരന്മാരുടെ വീടുകളിൽ പട്ടിണി മാറ്റേണ്ട 24000 രൂപ ഉദ്യോഗസ്ഥർ പിഴയായി അപഹരിച്ചത് ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
വണ്ടിയിൽ ഒരു ബോർഡ് പ്രദർശിപ്പിച്ചതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന ഈ പരാക്രമം ഒട്ടുമിക്ക വകുപ്പിലും കാണുന്നുണ്ട്. ഉദ്യോഗസ്ഥ ഭരണം സംസ്ഥാനത്ത് അവസാനിപ്പിക്കണം. ഇതേ സമയം തന്നെയാണ് ഒരു കൂട്ടം ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ഒരു സാധാരണക്കാരന്റെ ജീവൻ അപഹരിച്ചതെന്നതും കാണേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഇതുപോലുള്ള ജനദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അടിയന്തരമായി ഇടപെടണമെന്നും തുഷാർ ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ആലുവ അശ്വതി നാടക തിയ്യറ്റേഴ്സിനെ എനിക്കറിയില്ല.
പക്ഷെ നാടകം എന്ന കലയെയും കലാകാന്മാരെ കുറിച്ചും അറിയാം.
പണ്ട് നാട്ടിൻ പ്രദേശങ്ങളിൽ നാടകങ്ങളിലൂടെ ആശയപ്രചരണങ്ങൾ നടത്തി ഇന്ന് അധികാരത്തിൽ വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നന്നായി അറിയാം.
അത്തരത്തിലുള്ള ഒരു സർക്കാർ ഭരിക്കുമ്പോൾ ,
അസംഘടിതരായ ഒരു കൂട്ടം കലാകാരന്മാരുടെ വീടുകളിൽ പട്ടിണി മാറ്റേണ്ട 24000 രൂപ ഉദ്യോഗസ്ഥർ പിഴയായി അപഹരിച്ചത് ഗൗരവമായി കാണണം.
വണ്ടിയിൽ ഒരു ബോർഡ് പ്രദർശിപ്പിച്ചതിന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ കാണിക്കുന്ന ഈ പരാക്രമം ഒട്ടുമിക്ക വകുപ്പിലും കാണുന്നുണ്ട്.
ഉദ്യോഗസ്ഥ ഭരണം ഉടൻ സംസ്ഥാനത്ത് അവസാനിപ്പിക്കണം.
നാട് ഏകാധിപത്യ രീതിയിലേക്ക് നീങ്ങും. ഇതേ സമയത്തു തന്നെയാണ് ഒരുകൂട്ടം ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ഒരു സാധാരണക്കാരന്റെ ജീവൻ അപഹരിച്ചതെന്നതും ചേർത്തു വായിക്കുക. പ്രകോപനം സൃഷ്ടിച്ചത് പൊലീസോ കെ.എസ്.ആർ.ടി.സി യോ എന്ന തർക്കം ആ ജീവന്റെ ഉത്തരവാദിത്വം ആർക്ക് എന്നതിനുത്തരം തേടിയാണ്. നഷ്ടപ്പെടാനുള്ളത് ആ കുടുംബത്തിന് നഷ്ടമായി കഴിഞ്ഞു.
ഇനിയും സമയം വൈകിയിട്ടില്ല,
ഇതുപ്പോലുള്ള ജനദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയും മറ്റ് വകുപ്പ് മന്ത്രിമാരും അടിയന്തിരമായി ഇടപെടണം.
നാടക കമ്പനിയ്ക്ക് അനുകൂലമായ ഒരു തിരുമാനം ഉദ്യോഗസ്ഥ ഭാഗത്ത് നിന്ന് ഉണ്ടായില്ലായെങ്കിൽ,
24000 രൂപ BDJS സംസ്ഥാന നേതൃത്വം വഹിക്കും.....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates