'നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു' ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്
'നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു' ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്
Updated on: 
1 min read

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 102-ാം സ്ഥാനത്ത് ആയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിഎസിന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്രത്തിനെതിരെ വിഎസിന്റെ പ്രതികരണം.

ഇന്ത്യ മുന്നേറുകയാണത്രെ! 'നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു, എന്ന് വി എസ് അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇനി പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ ആ ആക്രോശം സസന്തോഷം സ്വീകരിക്കുമെന്നും വിഎസ് ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണരൂപം : 

ഇന്ത്യ മുന്നേറുകയാണത്രെ!

നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം കിട്ടി എന്നാണ് പുതിയ വാര്‍ത്ത. പാക്കിസ്ഥാനെയും പിന്തള്ളി ഇന്ത്യ നൂറ്റി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. അച്ഛേ ദിന്‍ വന്നുകഴിഞ്ഞു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ പോവുകയാണെന്ന മുന്നറിയിപ്പ് ലോകബാങ്ക് നല്‍കിക്കഴിഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ന്നതും തൊഴിലില്ലായ്മ ഉയര്‍ന്നതുമാണത്രെ കാരണം. ലോക ബാങ്ക് പറഞ്ഞിട്ടൊന്നും വേണ്ട, ഇന്ത്യക്കാര്‍ ഇക്കാര്യം അറിയാന്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും വരുത്തിവെച്ച വിന ഭീതിദമാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏതാണ്ട് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇതിനിടയിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വീരവാദം മുഴക്കിയും, ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന ആ പൊറാട്ട് നാടകത്തിലൂടെ കര്‍ഷകരുടേയും തൊഴിലാളികളുടേയും നിലനില്‍പ്പിനായുള്ള പോരാട്ടത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com