

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം. ഹെൽമറ്റ് പരിശോധന നാളെ മുതൽ തന്നെ കർശനമാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യഘട്ടത്തിൽ പിഴ ഈടാക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം.
ബോധവത്ക്കരണമായിരിക്കും ആദ്യ ഘട്ടത്തിൽ നടത്തുക. പിഴ ഒഴിവാക്കി ഹെൽമറ്റ് വാങ്ങാൻ സാവകാശം നൽകും. സ്ഥിരമായി ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്താൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. ഹെൽമറ്റില്ലാതെയും സീറ്റ് ബൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്ക് 500 രൂപയാണ് പിഴയായി സംസ്ഥാനസർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
വാഹനങ്ങൾ പിന്തുടർന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കടയ്ക്കലിൽ ഹെൽമറ്റ് വേട്ടക്കിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ കൂടിയാണ് ഇത്തരം പരിശോധനകൾ പാടില്ലെന്ന് വിലക്കിയത്. റോഡിൽ പെട്ടെന്ന് ചാടിവീണുള്ള വാഹനപരിശോധന പാടില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates