

കൊച്ചി: സംസ്ഥാനത്ത് സുര്യാതപ മുന്നറിയിപ്പ് തുടരുന്നു. നാളെയും മറ്റന്നാളും അഞ്ച് ജില്ലകളില്‍ താപനില നാല് ഡിഗ്രിവരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 118 പേര്‍ക്ക് സൂര്യാഘാതമേറ്റതായാണ് കണക്ക്. ഈയാഴ്ചയില്‍ മാത്രം 57 പേര്‍ക്ക് സൂര്യാഘാതമേറ്റതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ടു പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. പാറശാലയിൽ മധ്യവയസ്കനും കണ്ണൂർ വെള്ളോറയിൽ വയോധികനുമാണ് കുഴഞ്ഞുവീണ് മരിച്ചത്. പാറശാലയിൽ കരുണാകരൻ എന്നയാൾ വയലിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. വെള്ളോറയിൽ കാടൻവീട്ടിൽ നാരായണൻ (67) എന്നയാളാണ് മരിച്ചത്. ഇയാളുടെയും മൃതദേഹത്തിലും പൊള്ളലേറ്റ പാടുകളുണ്ട്.
അതേസമയം, ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ. ഇതിനിടെ കൊല്ലം പുനലൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആർഎസ്പി നേതാവിനും സൂര്യാഘാതമേറ്റു. പുനലൂർ മണ്ഡലം സെക്രട്ടറി നാസർ ഖാനാണ് പൊള്ളലേറ്റത്. ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോട്ട് മൂന്നു വയസുകാരിക്കും പൊള്ളലേറ്റു. കുമ്പള സ്വദേശി മർവയ്ക്കാണ് സൂര്യാഘാതമേറ്റത്.
അന്തരീക്ഷ താപനില വർധിച്ച തോതിൽ അനുഭവപ്പെടുന്നതിനാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെയിൽ നേരിട്ടേൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവർക്കു സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണ്. രാവിലെ 11 മണി മുതല്‍ 3മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates