തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. സ്വർണ്ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും. രാവിലെ 9 മണിക്ക് ധനകാര്യബിൽ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചർച്ച ആരംഭിക്കുക.
കോൺഗ്രസ് എംഎൽഎ വി ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേൽ അഞ്ച് മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീൽ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. ബിജെപി അംഗം ഒ രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും.
നിലവിലെ അംഗബലം അനുസരിച്ച് സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇതുപ്രകാരം യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാകും. അതേസമയം ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരുംദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. യുഡിഎഫിനും അവിശ്വാസപ്രമേയ വോട്ടെടുപ്പ് നിർണായകമാണ്.
അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ മുന്നണിയിലെ എല്ലാ എംഎൽഎമാർക്കും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം. യുഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കാത്തവർ മുന്നണിയ്ക്ക് പുറത്താണെന്ന് കൺവീനർ ബെന്നി ബഹനാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിൽ വിട്ടുനിൽക്കാനുള്ള നിലപാട് കടുപ്പിക്കുകയാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. ജോസഫ് വിഭാഗം എംഎൽഎമാരുടെ മുറിയുടെ വാതിലിൽ വിപ്പിന്റെ പകർപ്പ് ജോസ് വിഭാഗം പതിപ്പിച്ചു. നേരത്തേ ഇ മെയിൽ വഴിയും സ്പീഡ് പോസ്റ്റ് വഴിയും വിപ് നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
