'നിരാശജനകം'; 'സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തളളി'; വിടി ബല്‍റാമിന്റെ വിശകലനം ഇങ്ങനെ

പിണറായി വിജയന്‍ സര്‍ക്കാരിന് ഇനി സാങ്കേതികമായ ഭൂരിപക്ഷം മാത്രം. ജനകീയ പിന്തുണ നഷ്ടപ്പെട്ടു
'നിരാശജനകം'; 'സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തളളി'; വിടി ബല്‍റാമിന്റെ വിശകലനം ഇങ്ങനെ
Updated on
1 min read

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം നിരാശജനകമെന്ന് വിടി ബല്‍റാം എംഎല്‍എ. എന്നാല്‍ കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയം സംഘപരിവാര്‍ രാഷ്ട്രീയത്തെ പൂര്‍ണമായും തള്ളിക്കളയുന്നതാണെന്ന് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

ദേശീയ തലത്തിലെ റിസള്‍ട്ട് അങ്ങേയറ്റം നിരാശാജനകമാണ്. അതോടൊപ്പം കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ പ്രാഥമികമായി ഇങ്ങനെ നിരീക്ഷിക്കുന്നു:

1)കേരളം സംഘ് പരിവാര്‍ രാഷ്ട്രീയത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു.
2)മറ്റെന്ത് പരിമിതിയും പോരായ്മയും ഉണ്ടെങ്കിലും ബിജെപിക്കെതിരെ ഇന്ത്യയിലെ ഏക മതേതര ബദല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് കേരളം ശക്തമായി വിശ്വസിക്കുന്നു. കോണ്‍ഗ്രസുകാരെ മുഴുവന്‍ സംഘികളായി മുദ്രകുത്തുന്ന സിപിഎമ്മിന്റെ ഹീന രാഷ്ട്രീയത്തെ ജനങ്ങള്‍ പുച്ഛിച്ചുതള്ളുന്നു.
3) യുഡിഎഫിന്റേത് സമഗ്രവും ആധികാരികവുമായ വിജയം. 10 മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ്. രാഹുല്‍ ഗാന്ധിയുടേത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.
4) നിയമസഭാ മണ്ഡലങ്ങളില്‍ 122 ഇടത്ത് യുഡിഎഫ് മുന്നില്‍. എല്‍ഡിഎഫിന് ലീഡ് 17 മണ്ഡലങ്ങളില്‍ മാത്രം. ഒരിടത്ത് ബിജെപി. അതായത്, പിണറായി വിജയന്‍ സര്‍ക്കാരിന് ഇനി സാങ്കേതികമായ ഭൂരിപക്ഷം മാത്രം. ജനകീയ പിന്തുണ നഷ്ടപ്പെട്ടു.
5) യുഡിഎഫിന് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഒരുപോലെ ലഭിച്ചിരിക്കുന്നു. മലബാറും തെക്കന്‍ കേരളവും ഒരുപോലെ യുഡിഎഫിനൊപ്പം.
6)ദേശീയ വിഷയങ്ങള്‍ക്ക് പുറമേ ജനങ്ങളെ സ്വാധീനിച്ച വിഷയങ്ങള്‍ ശബരിമലയും കൊലപാതക രാഷ്ട്രീയവും. ശബരിമലയിലെ ബിജെപിയുടെ കള്ളക്കളിയും സര്‍ക്കാരിന്റെ പിടിവാശികളും വിശ്വാസികളെ വേദനിപ്പിച്ചു. കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പ്രധാനപങ്ക് ജനങ്ങള്‍ തിരിച്ചറിഞ്ഞു.
7)ചങ്ങാത്ത മുതലാളിമാരേയും കയ്യേറ്റക്കാരേയും മറ്റ് സ്ഥാപിത താത്പര്യക്കാരേയുമൊക്കെ കമ്മ്യൂണിസ്റ്റ് മേലങ്കിയിട്ട് അവതരിപ്പിച്ചാല്‍ ജനങ്ങള്‍ അത് എല്ലായ്‌പ്പോഴും അംഗീകരിച്ചു തരില്ല.
8) തങ്ങള്‍ക്കെതിരായി നില്‍ക്കുന്നവരെ മുഴുവന്‍ ഓരോരോ കാരണങ്ങളുണ്ടാക്കി വളഞ്ഞിട്ടാക്രമിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ ശൈലികളെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല. അതിനെതിരെ ചെറുത്തു നില്‍ക്കുന്നവരെ ജനങ്ങള്‍ പിന്തുണക്കുന്നു. ആലത്തൂര്‍, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയൊക്കെ ഉദാഹരണം.
9)നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുന്നു. ഇവിടങ്ങളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. കോന്നിയിലും സിപിഎമ്മും ബിജെപിയും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം.
10)പൊന്നാനി മണ്ഡലത്തിലുള്‍പ്പെട്ട തൃത്താലയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാല്‍ നൂറ്റാണ്ടിനു ശേഷം ആദ്യമായി യുഡിഎഫ് ലീഡ് ചെയ്തിരിക്കുന്നു. 8400 ലേറെ വോട്ട്. എട്ട് പഞ്ചായത്തില്‍ ഏഴിലും യുഡിഎഫിന് ലീഡ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com