

കോട്ടയം: കൊല്ലപ്പെട്ട കെവിൻ പി ജോസഫിന്റെ ഭാര്യ നീനുവിന് മാനസികപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. നീനു മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയത്.
നീനുവിനെ മൂന്നുതവണ ചികിൽസക്കായി തന്റെ അടുക്കൽ കൊണ്ടുവന്നിരുന്നെന്നും എന്നാൽ സാധാരണ കൗൺസലിങ് മാത്രമാണ് നൽകിയതെന്നും മാനസികമായി നീനുവിന് തകരാറൊന്നുമില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. താൻ ഒരാളുമായി അടുപ്പത്തിലാണെന്നും അതില്‍നിന്ന് പിൻമാറാൻ ഒരുക്കമല്ലെന്ന് നീനും തന്നോട് പറഞ്ഞതായി ഡോക്ടർ പറഞ്ഞു
അതേസമയം, നീനുവിന് മനോരോഗം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനായി മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയുടെ ശബ്ദസാമ്പിള്‍ എടുക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ ബിജു, കെവിന്റെ ബന്ധു അനീഷ് എന്നിവരുമായി ഷാനു ഫോണിലൂടെ സംസാരിച്ചിരുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് ശബ്ദസാമ്പിൾ ശേഖരിക്കാൻ ശ്രമിച്ചത്.
എന്നാൽ, പ്രതികളുടെ ശബ്ദസാമ്പിൾ ശേഖരിക്കാൻ നിയമാനുസൃതമായി സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളി. ശബ്ദസാമ്പിൾ നൽകാൻ സമ്മതമല്ലെന്ന് ഷാനു അറിയിച്ചിരുന്നു. സുരക്ഷിതമായാണോ നീനു താമസിക്കുന്നത് എന്ന് പരിശോധിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. കേസിൽ നീനുവിന്റെ അമ്മ രഹ്നയെ ചോദ്യം ചെയ്യുന്നത് നീട്ടി വെച്ചതായി ഡിവൈഎസ്പി ഗിരീഷ് പി സാരഥി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates