

കോട്ടയം : കോവിഡ് ബാധിത പ്രദേശങ്ങളിലും തമിഴ്നാടിന്റെ അതിർത്തി പ്രദേശങ്ങളിലും കറങ്ങിനടന്നയാളെ ക്വാറന്റീനിലാക്കാൻ ശ്രമിച്ച ആരോഗ്യപ്രവർത്തകർ പിടിച്ചത് വൻ പുലിവാല്. ഞായറാഴ്ച വൈകിട്ട് ഇടുക്കി വണ്ടൻമേട്ടിലാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കോവിഡ് ബാധിത മേഖലകളിൽ പോയിരുന്നുവെന്ന് വ്യക്തമാക്കിയത്.
പേര് മുഹമ്മദ് ഷാജഹാൻ എന്നാണെന്നും പച്ചമരുന്നു പറിക്കാൻ പോയതാണെന്നും ഇയാൾ പറഞ്ഞു. ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലെ മക്കൊച്ചി സ്വദേശിയാണെന്നും ഇയാൾ അറിയിച്ചു. തുടർന്ന് പൊലീസ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ക്വാറന്റീനിലാക്കാൻ നിർദേശിച്ചു. ഇയാൾ പറഞ്ഞതനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതർ രാത്രി കൊക്കയാർ മക്കൊച്ചിയിൽ എത്തി. അപ്പോഴാണ് വീണ്ടും ട്വിസ്റ്റ് ഉണ്ടായത്.
12 വർഷം മുൻപ് ഇയാൾ ഉപേക്ഷിച്ചു പോയ ഭാര്യ വീടായിരുന്നു അത്. നാട്ടുകാർ ഇയാളെ തിരികെ കൊണ്ടുപോകണം എന്നാവശ്യപ്പെട്ടു. ഇയാൾ ചിറക്കടവ് സ്വദേശിയാണെന്നും നാട്ടുകാർ പറഞ്ഞു. ഇതിനിടെ ആംബുലൻസിൽ നിന്ന് ഇറങ്ങി ഇയാൾ മുങ്ങി. പൊലീസിന്റെ സഹായത്തോടെ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പറത്താനത്ത് വെച്ച് സംശയകരമായി ഇയാളെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates