തൃശൂർ; ഇരട്ടക്കൊലക്കേസിലെ പ്രതി സിജോയുടെ കൊലപ്പെടുത്തി കേസിൽ മുഖ്യപ്രതി ഉൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. കുറ്റൂർ തവളക്കുളം സ്വദേശി പ്രതീഷിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന് ലഭിക്കുന്ന വിവരം. പതിനായിരം രൂപ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് സിജോയെ കൊലപ്പെടുത്തിയത്. കഞ്ചാവു വിൽപന സംഘങ്ങൾക്കിടയിൽ നിലനിൽക്കുന്ന കുടിപ്പകയാണു കൊലപാതകത്തിലേക്ക് നയിച്ചത്.
കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ടു നൽകാനുള്ള 10,000 രൂപ കൈമാറാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് സിജോ 4 സുഹൃത്തുക്കളുമായി അവണൂരിൽ നിന്നു മണിത്തറയിലേക്കെത്തിയത്. കഞ്ചാവു വിൽപ്പന സംഘങ്ങൾക്കുമിടയിൽ കണ്ണിയായി പ്രവർത്തിക്കുന്ന വിശ്വസ്തനെ ഉപയോഗിച്ചാണു അക്രമിസംഘം സിജോയെ വിളിച്ചു വരുത്തിയത്. പണം ലഭിക്കുമെന്നു വിശ്വസിച്ച് എത്തിയ സിജോ മണിത്തറയിൽ റോഡരികിൽ സുഹൃത്തു കാത്തു നിന്ന കാറിനരികിൽ ബൈക്ക് നിർത്തി കാറിലുള്ള ആളോടു സംസാരിക്കുന്നതിനിടയിൽ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അക്രമി സംഘം ചാടി വീഴുകയായിരുന്നു. വെട്ടേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് കാറിടിച്ചു വീഴ്ത്തി വീണ്ടും വെട്ടി മരണം ഉറപ്പാക്കിയത്. മണിത്തറയിൽ അവണൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു സമീപം തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതകമുണ്ടായത്.
പത്തിലേറെ പേർ സംഘത്തിലുണ്ടായിരുന്നതായാണു സംശയിക്കുന്നത്. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഗുരുവായൂർ എസിപി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഒരു വർഷം മുൻപ് മുണ്ടൂരിൽ കഞ്ചാവു വിൽപന സംഘത്തിലെ കണ്ണികളായ 2 യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സിജോ. കേസിൽ ജാമ്യത്തിലിറങ്ങിയ സിജോ എതിർ സംഘത്തിന്റെ വധഭീഷണി നിലനിൽക്കുന്നതിനാൽ തിരുവനന്തപുരത്തു ചില്ലറ ജോലികൾ ചെയ്തു കഴിയുകയായിരുന്നു. ലോക് ഡൗണിനെത്തുടർന്നാണു വരടിയത്തു വീട്ടിൽ തിരിച്ചെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates