പനി, പേശി വേദന, വയറ് വേദന, ഛര്‍ദ്ദി ലക്ഷണങ്ങള്‍ സൂക്ഷിക്കുക; എലിപ്പനിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മഴക്കാലത്ത് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ
പനി, പേശി വേദന, വയറ് വേദന, ഛര്‍ദ്ദി ലക്ഷണങ്ങള്‍ സൂക്ഷിക്കുക; എലിപ്പനിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Updated on
1 min read

തിരുവനന്തപുരം: മഴക്കാലത്ത് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുന്നു. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനിയുണ്ടാകുന്നത്.

പനി, പേശി വേദന (കാല്‍വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഇവ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണമായും ഭേദമാക്കാനാവും. ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കും.

മലിന ജലത്തില്‍ സമ്പര്‍ക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് ശരീരം വൃത്തിയായി കഴുകുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ 200 മില്ലിഗ്രാമിന്റെ ഒരു ഗുളിക അല്ലെങ്കില്‍ 100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ വീതം കഴിക്കണം. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കമുള്ള കാലമത്രയും ഇത് തുടരണം.

ആഹാരപദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കുകയും വേണം. ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. വെള്ളത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കട്ടിയുള്ള കൈയുറ, കാലുറ (ഗംബൂട്ട് ) എന്നിവ ധരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com