പത്തനംതിട്ട: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിന്റെ ആറു ഷട്ടറുകള്‍ തുറന്നു. ഘട്ടം ഘട്ടമായാണ് ആറു ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 983.45 മീറ്റര്‍ എത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്.
നിലവില്‍ തന്നെ ചില താഴ്ന്ന പ്രദേശങ്ങളില്‍ കരകവിഞ്ഞൊഴുകുന്ന പമ്പയില്‍ 40 സെന്റിമീറ്റര്‍ കൂടി ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. പമ്പയുടെയും കക്കാട്ട് ആറിന്റെയും തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ട് ഷട്ടറുകള്‍ തുറന്നത്. വൈകീട്ട് അഞ്ചുമണിയോടെ റാന്നിയില്‍ അധിക ജലം എത്തി. എന്നാല്‍ വെളളപ്പൊക്കത്തിനുളള സാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. രാത്രി പത്തുമണിയോട് കൂടി മാത്രമേ ആറു ഷട്ടറുകള്‍ തുറന്നതിന്റെ ഫലമായുളള അധിക ജലം എത്തുകയുളളൂ. ഇതിന്റെ ഫലമായി ജലനിരപ്പില്‍ 40 സെന്റിമീറ്ററിന്റെ വര്‍ധന മാത്രമേ ഉണ്ടാവുകയുളളൂ എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും തീരപ്രദേശത്തുളളവരും താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവരും ജാഗ്രത പാലിക്കണമെന്ന്് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
രണ്ടുവര്‍ഷം മുന്‍പ് ഉണ്ടായ സാഹചര്യം ഉണ്ടാവാതിരിക്കാനാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. എന്തും നേരിടാനുളള സംവിധാനങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് 25 വളളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ എത്തി കഴിഞ്ഞു. ആറന്മുളയില്‍ ആറു വളളങ്ങളും തിരുവല്ലയില്‍ അഞ്ച്, അടൂരില്‍ രണ്ട്, റാന്നിയില്‍ മൂന്ന്, എന്നിങ്ങനെയാണ് വളളങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ എട്ട് കുട്ടവഞ്ചികളും തുമ്പമണില്‍ ഒരു വളളവും എത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates