

തിരുവനന്തപുരം : പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള നവകേരളമാണ് പുന:സൃഷ്ടിക്കേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിർമ്മാണ പ്രവർത്തനങ്ങൾ പരിഷ്കരിക്കണോ എന്ന് പരിശോധിക്കണം. ഭൂമി കുറവാണ് എന്ന് മനസിലാക്കിയാണ് കേരളത്തിന്റെ പുനർനിർമാണം നടത്തേണ്ടത്. ജീവനോപാധികൾ കണ്ടെത്തുന്നതിന് പ്രത്യേകം ശ്രദ്ധ വേണമെന്നും കോടിയേരി പറഞ്ഞു.
തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്ന സ്ഥലത്ത് ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പുന:പരിശോധിക്കണം. ഇത്തരം സ്ഥലങ്ങളില്‍ വീട് നഷ്ടപ്പെട്ടവരെ ഇവിടങ്ങളില്‍ നിന്ന് മാറ്റി സുരക്ഷിതമായി പുനരധിവസിപ്പിക്കണം. അതിനായി ഭൂമി കണ്ടെത്തണമെന്നും കോടിയേരി പറഞ്ഞു.
സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി കേരളത്തില്‍ വാസയോഗ്യമായ സ്ഥലങ്ങള്‍, വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തേണ്ടതുണ്ട്. വാസയോഗ്യമായ സ്ഥലത്ത് മാത്രം അനുമതി കൊടുക്കുക. ഈ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി പഠനവും ചര്‍ച്ചയും വേണം. ജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണമാണ് സാധ്യമാക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മാണം സാധ്യമാക്കണം.
നിലവിലെ നിര്‍മാണ രീതിയില്‍ മാറ്റം വരുത്താന്‍ കഴിയുമോയെന്നും, പുതിയ നിര്‍മാണ പ്രക്രിയയിലേക്ക് മാറാന്‍ പറ്റുമോ എന്നും നോക്കണം. കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കണം. ഇവിടെ വീടുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയുണ്ടാക്കി കൂടുതല്‍ ആളുകള്‍ക്ക് താമസയോഗ്യമാക്കണം.
പുനര്‍നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്കാണ്. തകര്‍ന്ന വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ മറ്റ് സംവിധാനങ്ങള്‍ എന്നിവ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത പ്രധാന പ്രശ്‌നമായി ഉയര്‍ന്ന് വരും.
പ്രളയാനന്തര കേരളം സൃഷ്ടിച്ചെടുക്കാന്‍ ആവശ്യമായ സമ്പത്ത് കണ്ടെത്തുകയാണ് മറ്റൊരു വെല്ലുവിളി. പദ്ധതി വിഹിതത്തേക്കാള്‍ വലിയ നഷ്ടമാണ് സംസ്ഥാനം നേരിട്ടിരിക്കുന്നത്. കേരളത്തിനകത്ത് നിന്ന് മാത്രം പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല അത്. മറ്റ് രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ മാറ്റണം. ഗുജറാത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ കേന്ദ്രം കാണിച്ച ശുഷ്‌കാന്തി കേരളത്തോടും കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
നവകേരള പുനർനിർമ്മാണത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം. ലോക കേരള സഭയുടെ സഹായത്തോടെ മറ്റ് പല രാജ്യത്തുള്ളവരുടെ സഹായം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ സഹായവും ലഭ്യമാക്കണം. എല്ലാം മലയാളികളും ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ അത് കേരളം ലോകത്തിന് കാണിക്കുന്ന വലിയ മാതൃകയാകുമെന്നും കോടിയേരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates