'പള്ളി പൊളിച്ചതിന്റെ തെളിവുകണ്ടെത്താന്‍ കഴിയാത്ത ക്ഷീണം വടക്കാഞ്ചേരി ഫ്ലാറ്റ് പൊളിക്കാനുള്ള 'തെളിവ് ' കണ്ടെത്തി  തീര്‍ക്കുമായിരിക്കും സിബിഐ'

സുപ്രീം കോടതി ചീഫ് ഒന്നും അല്ലാത്തതിനാല്‍ രാജ്യസഭയൊന്നും ഇല്ലെങ്കിലും ഒരു എം.എല്‍.സിയെങ്കിലുമായി നോമിനേറ്റ് ചെയ്യപ്പെടുമെന്ന് കരുതാം
'പള്ളി പൊളിച്ചതിന്റെ തെളിവുകണ്ടെത്താന്‍ കഴിയാത്ത ക്ഷീണം വടക്കാഞ്ചേരി ഫ്ലാറ്റ് പൊളിക്കാനുള്ള 'തെളിവ് ' കണ്ടെത്തി  തീര്‍ക്കുമായിരിക്കും സിബിഐ'
Updated on
2 min read


കൊച്ചി: ബാബറി മസ്ജിദ് തകര്‍ത്തതു മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമല്ലെന്നും ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നതായി തെളിവില്ലെന്നും ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി വന്നതിന് പിന്നാലെ സിബിഐക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് എംബി രാജേഷ്. പള്ളി പൊളിച്ചതിന്റെ തെളിവുകണ്ടെത്താന്‍ കഴിയാത്ത ക്ഷീണം വടക്കാഞ്ചേരി ഫ്‌ലാറ്റ് പൊളിക്കാനുള്ള 'തെളിവ് ' കണ്ടെത്തി  തീര്‍ക്കുമായിരിക്കും സി.ബി.ഐയെന്നും രാജേഷ് ഫെയസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം


വിധി തകര്‍ത്തു.ബാബ്‌റി മസ്ജിദ് തകര്‍ന്നു.പക്ഷേ തികച്ചും ആകസ്മികമായി .ഒട്ടും അത്ഭുതമില്ല. ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കുന്ന, തലക്ക് വെളിവുള്ള ആര്‍ക്കാണ് അത്ഭുതമുണ്ടാവുക? മറിച്ചൊരു വിധിയുണ്ടായിരുന്നെങ്കിലോ? സൂര്യന്‍ പടിഞ്ഞാറുദിച്ചെങ്കിലോ? കാക്ക മലര്‍ന്നു പറന്നെങ്കിലോ?
അദ്വാനി മസ്ജിദ് തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍. പക്ഷേ സി.ബി.ഐക്ക് കോടതിയില്‍ ഹാജരാക്കാന്‍ മതിയായ തെളിവുണ്ടായില്ല. കോടതി കണ്ടെത്തിയത് അദ്വാനി ആള്‍ക്കൂട്ടത്തെ തടയാന്‍ ശ്രമിച്ചുവെന്ന്.രാജ്യത്താകെ രഥയാത്ര നടത്തി, ഇഷ്ടികയുമായി, പതിനായിരക്കണക്കിന് ആളുകളെ അല്ല കര്‍സേവകരെ അയോദ്ധ്യയില്‍ എത്തിക്കാന്‍ അദ്വാനി നേതൃത്വം കൊടുത്തത് അവിടം വരെ എത്തിച്ച ശേഷം അവരെ തടയാനായിരുന്നുവത്രേ. പാവം പക്ഷേ വിജയിച്ചില്ല.സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ല അദ്വാനിയുടെ സദുദ്ദേശ്യം.കോടതിക്ക് നന്ദി.
സുപ്രീം കോടതി പറഞ്ഞു. പള്ളി പൊളിച്ചത് നിയമ വിരുദ്ധ നടപടി തന്നെ. ഇന്ന് സിബിഐ കോടതി കണ്ടെത്തിയത് അത് ചെയ്തത് സാമൂഹിക വിരുദ്ധരെന്നത്രേ. അതാരാണ്? കര്‍സേവകര്‍ക്കും അവരുടെ നേതാക്കള്‍ക്കും കോടതി കണ്ടെത്തിയ പര്യായ പദമാണോ അത്? പൊളിച്ചവര്‍ ആ ദിവസം  ഡിസംബര്‍ 6വിജയദിനമായി പതിറ്റാണ്ടുകളായി ആഘോഷിക്കുന്നവരല്ലേ? ആ 'വിജയ 'ത്തിന്റെ പേരില്‍ അധികാരത്തില്‍ എത്തിയവരല്ലേ? സാമൂഹിക വിരുദ്ധത അധികാരാരോഹണം നടത്തിയ ഒരു സമൂഹത്തില്‍ നീതി രാഹിത്യമായിരിക്കും നാട്ടുനടപ്പ്.
മുത്തഛനിട്ട താഴ് തുറന്നു കൊടുക്കുകയും ശിലാന്യാസം അനുവദിക്കുകയും ചെയ്ത് എല്ലാറ്റിനും വഴിയൊരുക്കിയ  രാജീവ് ഗാന്ധിയേയും  പിന്നീട് പള്ളി പൊളിച്ചടുക്കുമ്പോള്‍ മഹാമുനിയെപ്പോലെ നിസ്സംഗനും മൂകസാക്ഷിയുമായിരുന്ന നരസിംഹറാവുവിനേയും ഇപ്പോള്‍  ഓര്‍ക്കാതിരുന്നാല്‍ അവരുടെ സ്മരണയോടുള്ള അനീതിയായിരിക്കും. ഓഗസ്റ്റ് 5 ന് പൊളിച്ച സ്ഥലത്ത് നിര്‍മ്മാണത്തിന്റെ ശിലയിടലിന് വിളിച്ചില്ലെന്ന പ്രിയങ്കയുടെ പരിഭവം എങ്ങിനെ മറക്കും? ഓഗസ്റ്റ് 5 ന്  ഞാന്‍ കുടി പങ്കെടുത്ത ടിവി ചര്‍ച്ചയില്‍ ' ഇനി എല്ലാം ശുഭമാകും എന്നാണ് കോണ്‍ഗ്രസ്  പ്രതീക്ഷിക്കുന്നത് ' എന്ന  കോണ്‍ഗ്രസ് സുഹൃത്തിന്റെ 'ശുദ്ധഗതി' എങ്ങിനെ അവഗണിക്കും?
' കാശി മഥുര ബാക്കി ഹേ ' എന്ന മുദ്രാവാക്യം കോണ്‍ഗ്രസും ലീഗും ജമാഅത്തുമൊക്കെ മാത്രമായിരിക്കും കേള്‍ക്കാത്തത്.അവര്‍ അത്രമേല്‍ 'നിഷ്‌കളങ്കരാണല്ലോ '. കാശി, മഥുര പള്ളികള്‍ക്കായി അവകാശമുന്നയിച്ച് ചിലര്‍ കോടതിയില്‍ ഹരജി കൊടുത്തതായി ഒരു കൊച്ചു വാര്‍ത്ത കഴിഞ്ഞ ദിവസം കണ്ടിരുന്നു. വരും കാലത്തേക്കുള്ള  വേറൊരു മഹാദുരന്തത്തിന്റെ വിഷവിത്തുപോലൊരു ചെറിയ വാര്‍ത്ത.അയോദ്ധ്യയുടെ കാര്യത്തില്‍ ആദ്യം 'നീതി' നടപ്പാക്കിയ ശേഷം പിന്നീട് ' ശരിവെച്ചു' കിട്ടാന്‍ കോടതിയില്‍ പോവുകയായിരുന്നു. ഇനി അതു വേണ്ടി വരില്ല. കോടതി മുഖേന തന്നെ 'നീതി ' നടത്തിക്കിട്ടും എന്ന പ്രതീക്ഷ അവര്‍ക്ക് ഉണ്ടായിട്ടുണ്ടാവും. ഗാന്ധി വധം മുതല്‍ ശബരിമല വരെയുള്ള വിധികളാല്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലാതായ ഒരു കൂട്ടര്‍ക്ക് അതുണ്ടാക്കി കൊടുക്കാന്‍ ചില സമീപ കാല വിധികളിലൂടെ കോടതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു. ചില്ലറ നേട്ടമല്ലല്ലോ.
എല്ലാം ശുഭപര്യവസായിയായ സ്ഥിതിക്ക് ആഘോഷ ത്തിനിടയില്‍ ആ ഒരാള്‍ വിസ്മരിക്കപ്പെടില്ലായിരിക്കും. സുപ്രീം കോടതി ചീഫ് ഒന്നും അല്ലാത്തതിനാല്‍ രാജ്യസഭയൊന്നും ഇല്ലെങ്കിലും ഒരു എം.എല്‍.സിയെങ്കിലുമായി നോമിനേറ്റ് ചെയ്യപ്പെടുമെന്ന് കരുതാം.
വാല്‍ക്കഷണം: പള്ളി പൊളിച്ചതിന്റെ തെളിവുകണ്ടെത്താന്‍ കഴിയാത്ത ക്ഷീണം വടക്കാഞ്ചേരി ഫ്‌ലാറ്റ് പൊളിക്കാനുള്ള 'തെളിവ് ' കണ്ടെത്തി  തീര്‍ക്കുമായിരിക്കും സി.ബി.ഐ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com