പശുവിന്‍ പാല്‍ മറവിരോഗം ഭേദമാക്കും, ഗോമൂത്രം കാന്‍സറും; പശുവിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തി മേഖലാ ശാസ്ത്ര കേന്ദ്രം

പശുവിന്‍ പാല്‍ മറവിരോഗം ഭേദമാക്കും, ഗോമൂത്രം കാന്‍സറും; പശുവിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തി മേഖലാ ശാസ്ത്ര കേന്ദ്രം
പശുവിന്‍ പാല്‍ മറവിരോഗം ഭേദമാക്കും, ഗോമൂത്രം കാന്‍സറും; പശുവിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തി മേഖലാ ശാസ്ത്ര കേന്ദ്രം
Updated on
1 min read

കോഴിക്കോട്: 'ദിവസം രണ്ടു ഗ്ലാസ് പശുവിന്‍ പാല്‍ കുടിച്ചാല്‍ മറവി രോഗം ഭേദമാക്കാം. മനുഷ്യ ശരീരത്തില്‍നിന്ന് വിഷം പുറത്തുകളയുന്നതിന് പശുവിന്‍ മൂത്രത്തിനു കഴിവുണ്ട്.'- വടക്കേ ഇന്ത്യയില്‍നിന്ന് നിത്യേനയെന്നോണം പുറത്തുവരുന്ന പശു മഹത്വവത്കരണ വാര്‍ത്തകളില്‍നിന്നല്ല ഈ വാചകങ്ങള്‍. കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുള്ളവയാണ്.

മേഖലാ ശാസ്ത്ര കേന്ദ്രം സംഘടിപ്പിച്ച ഗോദാനം മഹാദാനം പദ്ധതിയെക്കുറിച്ചു വിശദീകരിക്കുന്നതാണ് വാര്‍ത്താക്കുറിപ്പ്. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുക, പശുമൂത്രത്തിന്റെ ഔഷധ ഗുണങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വിഎസ് രാമചന്ദ്രന്‍ ജൈവ കര്‍ഷകനായ ശിവദാസന് പശുവിനെ കൈമാറിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 

മേഖലാ ശാസ്ത്ര കേന്ദ്രം എന്തിനാണ് പശുദാനം നടത്തുന്നത് എന്ന സംശയം ചടങ്ങില്‍ വച്ചുതന്നെ തീര്‍ക്കുന്നുണ്ട് ഡയറക്ടര്‍. ശാസ്ത്ര കേന്ദ്രം ഇങ്ങനെയൊരു പരിപാടി എന്തിനു സംഘടിപ്പിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. സൂര്യനു കീഴിലുള്ള എന്തും ശാസ്ത്രമാണ്. പ്രകൃതിയിലെ എല്ലാ ജീവികളും, പശു ഉള്‍പ്പെടെ ശാസ്്ത്രത്തിന്റെ ഭാഗമാണ്- അദ്ദേഹം പറഞ്ഞതായി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും മുഴുകിയിരിക്കുന്ന പുതിയ തലമുറ പ്രകൃതിയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങളെക്കുറിച്ച് അജ്ഞരാണ്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികസനം നല്ലതു തന്നെ. എന്നാല്‍ അതിനൊപ്പം പ്രകൃതിയെക്കുറിച്ചുള്ള ബോധം കൂടി വേണം- അദ്ദേഹം പറഞ്ഞു.

ജൈവകൃഷി പ്രചരിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ശാന്തിനികേതന്‍ എ്ന്ന സംഘടനയുമായി ചേര്‍ന്നാണ് മേഖലാ ശാസ്ത്രകേന്ദ്രം ഗോദാന പരിപാടി നടത്തിയത്. പശുവിന്‍ പാലില്‍ വിറ്റാമിന്‍ ബി12 ധാരാളമുണ്ട്. മറവിരോഗത്തെ മാറ്റാന്‍ ഇതുമതിയെന്നാണ്, ശാന്തിനികേതന്‍ ഡയറക്ടര്‍ ഷാജു ഭായിയും മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടറും ചേര്‍ന്നിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. 

വേദങ്ങളിലും ഉപനിഷത്തുക്കളിലും അഷ്ടാംഗഹൃദയത്തിലും സഹസ്രയോഗത്തിലും പശുവിന്റെ വിശുദ്ധിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.് കാന്‍സറിനെപ്പോലും ഭേദമാക്കാനുള്ള ഔഷധമൂല്യമുണ്ട്, പശുവന്‍ മൂത്രത്തിന്. ചലച്ചിത്ര താരങ്ങളുടെ ഗ്ലാമറിന് അവര്‍ കടപ്പെട്ടിരിക്കുന്നത് പശുവിന്‍ മൂത്രത്തോടാണ്. വിപണിയില്‍ ലഭ്യമായ ഫെയ്‌സ് ക്രീമുകളിലെല്ലാം ഒരു ചേരുവ പശുവിന്‍ മൂത്രമാണെന്നാണ് അതു പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com