കൊച്ചി : ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടില്‍ കുരിശ് സ്ഥാപിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കുരിശ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണോ, ദേവസ്വം ഭൂമിയിലാണോ എന്നാണ് കോടതി ചോദിച്ചത്. പാഞ്ചാലിമേട്ടിലെ കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം ആരാഞ്ഞത്.
പത്തുദിവസത്തിനകം മറുപടി നല്‍കാനാണ് സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി നിര്‍ദേശിച്ചത്. കേസ് ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കും. ദേവസ്വം ഭൂമിയിലാണെങ്കില്‍ മാത്രമേ ദേവസ്വം ബെഞ്ചിന് കേസില്‍ ഇടപെടാനാകൂ എന്നും കോടതി അറിയിച്ചു. ഹര്‍ജി ദേവസ്വം ബെഞ്ചിലാണ് വന്നത്. അതേസമയം പാഞ്ചാലിമേട്ടിലെ മരക്കുരിശുകള്‍ നീക്കം ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതിനിടെ, പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. രാവിലെ പതിന്നൊന്ന് മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ ഇവരെ കടത്തിവിടാതെ പൊലീസ് തടയുകയായിരുന്നു.
തുടര്‍ന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ നേതൃത്വത്തില്‍ നാമജപം നടത്തി പ്രതിഷേധിക്കുകയാണ്. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം.
അതേസമയം അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ ചര്‍ച്ച് പറയുന്നത്. കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ നീക്കം ചെയ്തിരുന്നു. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകള്‍ തുടരും. റവന്യൂഭൂമിയിലെങ്കിലും കുരിശുകള്‍ക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടര്‍ എച്ച് ദിനേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates