

പാലാ: 1965മുതല്‍ അഞ്ചു പതിറ്റാണ്ട് കെഎം മാണിയിലൂടെ യുഡിഎഫിനൊപ്പം നടന്ന പാലാ മറ്റൊരു മാണിയിലൂടെ എല്‍ഡിഎഫ് പക്ഷത്തേക്ക്. മൂന്നുതവണ കെഎം മാണിയോട് ഏറ്റുമുട്ടി പരാജയപ്പെട്ട മാണി സി കാപ്പന്‍, മാണിയുടെ മരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പാലാ പിടിച്ചെടുത്തു. 54137 വോട്ടുകളാണ് മാണി സി കാപ്പന്‍ നേടിയത്. 2943വോട്ടിന്റെ ഭൂരിപക്ഷം. ഒരുഘട്ടത്തില്‍പ്പോലും ഇടത് സ്ഥാനാര്‍ത്ഥിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാതിരുന്ന കേരള കോണ്‍ഗ്രസിന്റെ ജോസ് ടോ പുലികുന്നേലിന് ലഭിച്ചത് 51194വോട്ടാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് 18044വോട്ട് ലഭിച്ചു.
12 പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ യുഡിഎഫിന്റെ എല്ലാ ശക്തികേന്ദ്രങ്ങളിലും ജോസ് ടോമിന് കാലിടറി. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, എലിക്കുളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍ പാലാ നഗരസഭയിലും മീനച്ചില്‍, മുത്തോലി പഞ്ചായത്തുകളിലും മാത്രമാണ് യുഡിഎഫിന് നേരിയ ലീഡ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പനൊപ്പം നിന്ന തലനാട്, തലപ്പലം പഞ്ചായത്തുകള്‍ ഇത്തവണയും എല്‍ഡിഎഫിനൊപ്പം നിന്നു.
യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടിയായി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. ഇവിടെ മാണി സി കാപ്പന്‍ 757വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫിന്റെ മറ്റൊരു ശക്തിപ്രദേശമായ കടനാട്ടില്‍ 870 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണി സി കാപ്പന്‍ നേടിയയത്. കെഎം മാണിക്ക് 2016ല്‍ രാമപുരത്ത് 180ഉം കടനാട് 107ഉം ആയിരുന്നു ഭൂരിപക്ഷം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500ഉം കടനാട്ടില്‍ 2727വോട്ടും നേടിയിരുന്നു.
പിന്നിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ കണക്കുകൂട്ടിയ ഭരണങ്ങാനം പഞ്ചായത്തും യുഡിഎഫിനെ കൈവിട്ടു. ഭരണങ്ങാനം പഞ്ചായത്തില്‍ 807 വോട്ടിനാണ് മാണി സി കാപ്പന്‍ മുന്നിലെത്തിയത്. 2016ല്‍ കെ എം മാണി ഇവിടെ 410വോട്ടാണ് നേടിയത്.
വലിയ മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്തുകളില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. കേരള കോണ്‍ഗ്രസിന്റെ കോട്ടകളായ മൂന്നിലവിലും മേലുകാവിലും ജോസ് ടോമിന് പിടിവള്ളി കിട്ടിയില്ല. കരൂര്‍ പഞ്ചായത്തില്‍ 200വോട്ടിന്റെ ഭൂരിപക്ഷമാണ് മാണി സി കാപ്പന് ലഭിച്ചത്.
2016ല്‍ കെഎം മാണിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയ മുത്തോലി പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് നേരിയ ആശ്വാസം ലഭിച്ചത്. ഇവിടെ 576 വോട്ടിന്റെ ലീഡാണ് ജോസ് ടോമിന് ലഭിച്ചത്. മാണിക്ക് 1683വോട്ട് നല്‍കിയ മുത്തോലി, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ പഞ്ചായത്ത് കൂടിയാണ്. കെഎം മാണി നേടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷമാണ് പഞ്ചായത്തുകളില്‍ മാണി സി കാപ്പന്‍ നേടിയത്.
ജോസ് കെ മാണിയും കെഎം മാണിയുടെ കുടുംബവും വോട്ട് ചെയ്ത പാലാ മുന്‍സിപാലിറ്റിയിലും യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ല. ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തികേന്ദ്രമായിരുന്നു പാലാ നഗരസഭ. 258വോട്ടുകള്‍ മാത്രമാണ് പാലായില്‍ ജോസ് ടോമിന് ലഭിച്ചത്. കഴിഞ്ഞതവണ മണ്ഡലത്തിലെ ഒരോയൊരു നഗരസഭയില്‍ കെഎം മാണിക്ക് ലഭിച്ചത് 836വോട്ടാണ്.
അമ്പത്തിരണ്ട് കൊല്ലത്തെ രാഷ്ട്രീയ അടിമത്തില്‍നിന്ന് പാലാ മോചിതയായി. പാലാ വികസന പാതയിലേക്ക് കടക്കാന്‍ പോകുന്നു. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫിന്റെയും ഭരണനേട്ടത്തിന്റെ വിജയമാണ്. ഭരണത്തിന്റെ വിലയിരുത്തലാണ്. വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വിജയിക്കും. ജനങ്ങള്‍ക്ക് നന്ദി- മാണി സി കാപ്പന്‍ പറഞ്ഞു.
കെഎം മാണിയല്ലായിരുന്നു തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ മുമ്പേ ജയിക്കുമായിരുന്നുവെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയോട് വിരോധമുള്ളവരുടെ ഒരുവിഭാഗം കേരള കോണ്‍ഗ്രസ് അണികളുടെയും ബിഡിജെഎസിന്റെയും വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ അവകാശപ്പെട്ടു. രാമപുരത്തെ വോട്ടുനില പുറത്തുവന്നപ്പോള്‍ തന്നെ വോട്ട് മറിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തി. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് ജോസ് ടോം പറഞ്ഞു. ബിജെപിയും എല്‍ഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്നാണ് ജോസ് ടോം ആരോപിച്ചത്. ജോസ് കെ മാണി പക്ഷത്തിന്റെ വോട്ട് എല്‍ഡിഎഫിലേക്ക് പോയെന്ന് പിജെ ജോസഫ് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates