പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ടു മാസമേ കഴിഞ്ഞിട്ടുള്ളൂ, വളരെ കുറച്ചു ദിവസമേ ഈ വീട്ടിൽ താമസിച്ചൊള്ളു, എന്നിട്ടും മൂന്നുകിടപ്പുമുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള തന്റെ പുതിയ വീട് ഐസൊലേഷൻ വാർഡാക്കാൻ സന്നദ്ധതയറിയിച്ചിരിക്കുകയാണ് ഈ യുവാവ്. സ്വകാര്യസ്ഥാപനത്തിൽ റീജണൽ മാനേജരായ ഫസലു റഹ്മാൻ എന്ന യുവാവാണ് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
എറണാകുളം പള്ളിക്കരയിലെ തന്റെ വീടാണ് ഐസൊലേഷൻ വാർഡാക്കാൻ ഒരുങ്ങുന്നത്. ഇവിടെ താമസിക്കുന്നവർക്ക് കൊച്ചിൻ ഫുഡീസ് റിലീഫ് ആർമിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിക്കാൻ തയ്യാറാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഇയാൾ വ്യക്തമാക്കി.കൊടുങ്ങല്ലൂരിലെ കുടുബവീട്ടിലാണു ഫസലു ഇപ്പോൾ താമസിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
വളരെ ആശങ്കാജനകമായ ഒരു ഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോകുന്നത്. ഏതെങ്കിലും കാരണവശാൽ നമ്മുടെ നാട്ടിൽ കോവിഡ് 19 അടുത്ത ഘട്ടത്തിലേക്ക് പോകുകയാണെങ്കിൽ ഐസൊലേഷനു സ്ഥലപരിമിതി ഒരു വെല്ലുവിളിയാവുകയാണെങ്കിൽ അത്യാവശ്യമുള്ളവർക്ക് മൂന്ന് ബെഡ്‌റൂം ഉള്ള എറണാകുളം പള്ളിക്കരയിലുള്ള എന്റെ വീട് വിട്ടു തരുവാൻ തയ്യാറാണ്. ഭക്ഷണത്തിനു വേണ്ട ക്രമീകരണങ്ങൾ ഞാൻ വളരെ അടുത്ത് കൈകോർത്തു പ്രവർത്തിക്കുന്ന കെ ആർ എ പോലുള്ള സംഘടനകളിലൂടെ ആ സമയം ഏർപ്പെടുത്തുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
[പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ടു മാസമേ കഴിഞ്ഞിട്ടുള്ളൂ. വളരെ കുറച്ചു ദിവസമേ ഈ വീട്ടിൽ താമസിച്ചിട്ടുള്ളു. ഈ സൗകര്യം ദുരൂപയോഗപ്പെടില്ല എന്നു വിശ്വസിക്കുന്നു... ]
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates