പാർട്ടി ഓഫീസുകളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു ; സ്വർണം കവർന്നു, അഞ്ചുകോടിയുടെ നഷ്ടം സംഭവിച്ചെന്ന് പി കരുണാകരൻ എംപി

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി  താല്‍പര്യം പ്രകടിപ്പിച്ചിരുന്നു
പാർട്ടി ഓഫീസുകളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു ; സ്വർണം കവർന്നു, അഞ്ചുകോടിയുടെ നഷ്ടം സംഭവിച്ചെന്ന് പി കരുണാകരൻ എംപി
Updated on
1 min read

പെരിയ : പെരിയയിൽ കോൺ​ഗ്രസ് നടത്തിയ അക്രമങ്ങളിൽ അഞ്ചുകോടിയുടെ നഷ്ടമുണ്ടായിയെന്ന് പി കരുണാകരൻ എംപി. സിപിഎം പ്രവർത്തകരുടെ വീടുകൾക്കും കടകൾക്കും നേരെ കാസർകോട് വ്യാപക ആക്രമണം ഉണ്ടായി. പാർട്ടി ഓഫീസുകളും വായനശാലകളും തകർത്തതായും പി കരുണാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്സുകാരുടെ കൊലപാതകത്തെ തുടർന്ന് ആക്രമിക്കപ്പെട്ട വീടുകളും പാർട്ടി ഓഫീസുകളും സന്ദർശിച്ച് മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായും അഗ്നിക്കിരയാക്കി. അതിന് സമീപമുള്ള സോഡാ ഫാക്ടറി തകര്‍ത്തു. പാര്‍ട്ടി ഓഫീസ് കത്തിയെരിയുന്നത് തടയാന്‍ ശ്രമിച്ച അടുത്ത വീട്ടിലെ സ്ത്രീകളുടെ വീടുകളും ആക്രമിച്ചു. കല്ല്യോട്ട് സന്ദര്‍ശിക്കാന്‍ വൈകിയാണ് വന്നത്. രണ്ട് പേര്‍ കൊലചെയ്യപ്പെട്ട സ്ഥലത്ത് പോകുമ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് സന്ദര്‍ശിക്കാമെന്ന് തീരുമാനിച്ചത് പൊലീസ് നിര്‍ദേശങ്ങളെ തുടര്‍ന്നാണ്. ഇതുമൂലമാണ് സന്ദര്‍ശനം വൈകിയത്,"പി കരുണാകരന്‍ എംപി പറഞ്ഞു.

"ശാസ്താ ഗംഗാധരന്റെ വീട്ടില്‍ നിന്ന് 16പവന്‍ മോഷ്ടിക്കപ്പെട്ടു. ഓമനക്കുട്ടന്റെ വീടിന് അഞ്ച് ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കേസിലെ പ്രതിയായ പീതാംബരന്റെ വീട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. അമ്മയെയും മകളെയും മര്‍ദ്ദിച്ചു. കല്ല്യോട്ട് എകെജി മന്ദിരം തകര്‍ക്കപ്പെട്ടു. കല്ല്യോട്ട് കോൺഗ്രസ്സുകാർ കൂടുതലുള്ള പ്രദേശമാണ്. ഇവിടെ പാര്‍ട്ടി ഓഫീസുണ്ടാക്കാനുള്ള ശ്രമത്തെ കോണ്‍ഗ്രസ്സ് ചെറുത്തിരുന്നു. പാര്‍ട്ടി ഓഫീസിന്റെ തറക്കല്ല് വരെ പണ്ട് കോണ്‍ഗ്രസ്സ് എടുത്തുമാറ്റിയിരുന്നു. ആ പാർട്ടി ഓഫീസാണ് തകര്‍ത്തത്. എച്ചിലടക്കത്ത് നായനാരുടെ പേരിലുള്ള വെയിറ്റിങ് ഷെഡ്ഡ് തീയിട്ടു. വായനശാലയും തകര്‍ത്തു", കരുണാകരന്‍ എംപി കൂട്ടിച്ചേര്‍ത്തു.

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി  താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതായി പി.കരുണാകരന്‍ എം.പി പറഞ്ഞു.  ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേൽ, പ്രതിപക്ഷ നേതാവിനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പ്രതികരിച്ചില്ലെന്നും കരുണാകരൻ പറഞ്ഞു. 

സിപിഎം നേതാക്കളുടെ സന്ദർശനത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. നേതാക്കളെ തടഞ്ഞ കോൺ​ഗ്രസ് പരവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. സിപിഎം നേതാക്കളുടെ സംഘം കേസിലെ പ്രതികളായ പീതാംബരന്റെ അടക്കം വീടുകളിൽ സന്ദർശനം നടത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com