തൊടുപുഴ : കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എയുടെ പശുവും കിടാവും ജയിലിലായി. ജോസഫിന്റെ ഫാമിലെ മീര എന്നു പേരുള്ള പശുവിനെയും, അഭിമന്യു എന്ന കിടാവിനെയുമാണ് ജയിലിലാക്കിയത്. മുട്ടം ജില്ലാ ജയിലില്‍ ആരംഭിച്ച പശു വളര്‍ത്തല്‍ യൂണിറ്റിലേക്ക് ക്രിസ്മസ് സമ്മാനമായിട്ടാണ് ജോസഫ് പശുവിനെയും കിടാവിനെയും നല്‍കിയത്. ജയിലില്‍ നടന്ന യോഗത്തില്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് മീരയെയും അഭിമന്യുവിനെയും ഏറ്റുവാങ്ങി.
പി ജെ ജോസഫ് സമ്മാനിച്ച പശുവിനെയും കിടാവിനെയും ജയിലിനുള്ളിലല്ല, പുറത്താണ് വളര്‍ത്തുന്നത് എന്ന് ഋഷിരാജ് സിങ് പറഞ്ഞു. ഇതോടെ വേദിയിലും സദസ്സിലും പൊട്ടിച്ചിരി മുഴങ്ങി. 10 ദിവസം മുന്‍പ് പ്രസവിച്ച ,പശുവിന് ഇപ്പോള്‍ 8 ലീറ്റര്‍ പാല്‍ ലഭിക്കുന്നുണ്ടെന്നും രണ്ടാഴ്ച കഴിഞ്ഞാല്‍ രണ്ടു നേരമായി 20 ലീറ്റര്‍ പാല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പറഞ്ഞു.
ജയില്‍ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബറില്‍ ജില്ലാ ജയിലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പി ജെ ജോസഫ് എംഎല്‍എ ജയിലിലേക്കു ഒരു പശുവിനെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. 13 ജില്ലാ ജയിലുകള്‍ ഉള്ളതില്‍ ഏറ്റവും മികച്ചത് മുട്ടത്തെ ജില്ലാ ജയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. തടവുകാര്‍ക്ക് രോഗം വന്നാല്‍ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് അനുവദിച്ചു തരണമെന്ന് എംഎല്‍എയോട് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു.
മുട്ടം ജില്ലാ ജയിലിന് സ്വന്തമായി രണ്ടര ഏക്കര്‍ സ്ഥലമാണുള്ളത്. ഇതില്‍ ജയില്‍ കെട്ടിടവും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സും ഒഴിവാക്കി ബാക്കിയുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് വിവിധ ഇനങ്ങളിലുള്ള ഇരുപതില്‍ പരം കാര്‍ഷിക വിളകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വാഴ, ചേന, കപ്പ, തക്കാളി, കോവല്‍ വെള്ളരി, കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍, പയര്‍, ചീനി തുടങ്ങിയ വിവിധ കൃഷികളാണ് ചെയ്തിരിക്കുന്നത്. ഇവയ്‌ക്കൊപ്പമാണ് ഇപ്പോള്‍ പശു വളര്‍ത്തല്‍ യൂണിറ്റ് കൂടി തുടങ്ങിയിരിക്കുന്നത്.
നിലവില്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ പ്രധാനമായും ജയിലിലെ അന്തേവാസികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. കൃഷി ചെയ്യുന്ന തടവുകാര്‍ക്ക് ഒരു ദിവസം 127 രൂപ പ്രതിഫലമുണ്ട്. ജയില്‍ മോചിതരാകുമ്പോള്‍ ഈ തുക കൈമാറും. കൃഷിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമായി ജില്ലാ കൃഷി വകുപ്പില്‍ നിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി ജില്ലാ ജയിലിനു ലഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
