

പത്തനംതിട്ട: മൂന്നു പതിറ്റാണ്ടിലേറെയായി കേരള പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടികിട്ടാപുള്ളി സൗദി അറേബ്യയിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഇസ്ലാം മതം സ്വീകരിച്ച് മുസ്തഫ എന്ന പേരിലാണ് സുകുമാരക്കുറുപ്പ് സൗദിയില്‍ കഴിയുന്നത്. 72കാരനായ സുകുമാരക്കുറുപ്പ് എന്ന മുസ്തഫയിപ്പോള്‍ മദീനയിലെ ഒരു പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍ സഹായിച്ച് കഴിയുകയാണെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു.
നാട്ടിലേക്ക് തിരിച്ചുവരണമെന്നുണ്ടെങ്കിലും നിയമക്കുരുക്ക് ഭയന്ന് ശിഷ്ടകാലം സൗദിയില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. സൗദിയിലെ അല്‍ഖസീമില്‍ ഏറെക്കാലം ചെലവഴിച്ച കുറുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷമായി മദീനയിലാണു താമസം. സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഒളിവില്‍ കഴിയുന്നതായി കേരളാ പോലീസിനു മുമ്പേ സൂചന ലഭിച്ചിരുന്നെങ്കിലും രാജ്യാന്തര അന്വേഷണസംഘമായ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടാന്‍ യാതൊരു ശ്രമവും നടത്തിയില്ല.
ഇതിനിടെ സുകുമാരക്കുറുപ്പിനെ പലയിടത്തും കണ്ടതായുള്ള കഥകള്‍ കേരളമൊട്ടാകെ പ്രചരിച്ചിരുന്നു. എന്നാല്‍, നിരന്തര അന്വേഷണങ്ങള്‍ക്കൊടുവില്‍ അതെല്ലാം കെട്ടുകഥകളാണെന്നു കണ്ടെത്തി. പ്ലാസ്റ്റിക് സര്‍ജറി ചെയ്തു മുഖത്തിന്റെ രൂപം മാറ്റിയാണു കുറുപ്പ് ഒളിവില്‍ കഴിയുന്നതെന്ന അഭ്യൂഹത്തിനായിരുന്നു ഏറെ പ്രചാരം. എന്നാല്‍, അതില്‍ കഴമ്പില്ലെന്നാണു ബന്ധുക്കളുടെ വിശ്വാസം. കുറുപ്പിന്റെ കാര്യത്തില്‍ മതവും പേരും മാത്രമാണു മാറിയത്.
കുറുപ്പിനെക്കുറിച്ച് മംഗളം നടത്തിയ അന്വേഷണത്തിലാണ് കുറുപ്പ് സൗദിയിലെ മദീനയിലുണ്ടെന്ന വ്യക്തമായ വിവരം ചില ബന്ധുക്കളില്‍നിന്നു ലഭിച്ചത്. എന്നാല്‍ അവരാരും കഴിഞ്ഞ 33 വര്‍ഷമായി കുറുപ്പിനെ നേരില്‍ കണ്ടിട്ടില്ല. നിലവില്‍ കുറുപ്പിന്റെ സഹോദരങ്ങളാരും നാട്ടിലില്ല. ചെറിയനാട്ടിലെ കുറുപ്പിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ആലപ്പുഴ വണ്ടാനത്ത് കുറുപ്പ് വാങ്ങിയ സ്ഥലം മറ്റൊരാളുടെ പേരിലാണ്. ചില ബന്ധുക്കള്‍ മാത്രമാണു ചെറിയനാട്ടുള്ളത്. കുറുപ്പിനു ചാക്കോ വധത്തില്‍ നേരിട്ടു ബന്ധമില്ലെന്നാണ് ഇവരുടെ വിശ്വാസം.
സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ(63)യും രണ്ട് മക്കളും കുവൈത്തിലാണ്. ഇവര്‍ കുവൈത്തില്‍ സ്ഥിരതാമസമാക്കാനുള്ള കാരണം തേടിപ്പോയപ്പോഴാണ് കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന നിഗമനത്തില്‍ െ്രെകംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.
അബുദാബിയില്‍ കുറുപ്പിനൊപ്പമുണ്ടായിരുന്ന സരസമ്മ അവിടെ നഴ്‌സായിരുന്നു. ചാക്കോ കൊല്ലപ്പെട്ടശേഷം അവര്‍ നാട്ടിലെത്തി. എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവ് നടത്തിയ നീക്കങ്ങള്‍ അറിയാമായിരുന്നതിനാല്‍ സരസമ്മയും ആദ്യം കേസില്‍ പ്രതിയായിരുന്നു. എന്നാല്‍, പിന്നീട് ഇവരെ ഒഴിവാക്കി. തുടര്‍ന്ന് ഏറെക്കാലം ചെങ്ങന്നൂരിനടുത്ത് ചെറിയനാട്ടുതന്നെ താമസിച്ച സരസമ്മ പിന്നീടു സൗദിയിലേക്കു പോയി. വീണ്ടും നാട്ടില്‍ തിരിച്ചെത്തി നാളുകള്‍ക്കുശേഷമാണു കുവൈത്തിലേക്കു പോയത്. മക്കള്‍ക്കും കുവൈത്തില്‍ ജോലി കിട്ടിയതോടെ അവിടെ സ്ഥിരതാമസമാക്കി. കുറുപ്പ് ഇടയ്ക്കിടെ സൗദിയില്‍നിന്നു കുവൈത്തിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാറുണ്ടെന്നാണു വിവരം.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നാണു കേസ്. ഇന്‍ഷുറന്‍സ് തട്ടാനായി കൊലപാതകം നടത്താന്‍ പദ്ധതിയുണ്ടായിരുന്നില്ല. കുറുപ്പിനോടു രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ചു കത്തിക്കാനായിരുന്നു നീക്കം.
1984 ജനുവരി 21ന് ഉച്ചകഴിഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നു മൃതദേഹം സംഘടിപ്പിക്കാന്‍ കുറുപ്പിന്റെ ഭാര്യാസഹോദരന്‍ ഭാസ്‌ക്കരപിള്ള, െ്രെഡവര്‍ പൊന്നപ്പന്‍, കുറുപ്പിന്റെ സുഹൃത്തും സഹായിയുമായ ചാവക്കാട്ടുകാരന്‍ ഷാഹു എന്നിവര്‍ ചെറിയനാട്ടില്‍നിന്നു കാറില്‍ തിരിച്ചത്. മറ്റൊരു കാറില്‍ കുറുപ്പും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, കൊല്ലകടവില്‍ എത്തിയപ്പോള്‍, ആശുപത്രിയില്‍ കഴിയുന്ന അമ്മ ദേവകിയെ കാണാന്‍ കുറുപ്പ് പന്തളത്തേക്കു പോയെന്നു ബന്ധുക്കള്‍ പറയുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാരനായ ബന്ധു മധുവിന്റെ സഹായത്തോടെ മോര്‍ച്ചറിയില്‍നിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഭാസ്‌ക്കരപിള്ളയുടെ കെ.എല്‍.ക്യു. 7835 നമ്പര്‍ കാറില്‍ ശവം കത്തിച്ചശേഷം, മരിച്ചതു കുറുപ്പാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി.
മെഡിക്കല്‍ കോളജില്‍നിന്നു ശവം സംഘടിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. നിരാശരായി മടങ്ങുമ്പോഴാണു കരുവാറ്റയില്‍ കുറുപ്പിനോടു സാദൃശ്യമുള്ള ചാക്കോ വാഹനത്തിനു കൈ കാണിച്ചത്. തുടര്‍ന്നായിരുന്നു കൊലപാതകം. കൊലപാതകസമയത്തു കുറുപ്പ് ഇവര്‍ക്കൊപ്പം ഇല്ലായിരുന്നെന്നും പിന്നീടു ഭാസ്‌ക്കരപിള്ള പറഞ്ഞപ്പോഴാണു കുറുപ്പ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു.
കൊലപാതകത്തില്‍ കുറുപ്പിനു വ്യക്തമായ പങ്കുണ്ടെന്നാണു പോലീസ് രേഖകള്‍. കൊലപാതകശേഷം കുറുപ്പ് മുങ്ങാനുള്ള കാരണത്തെപ്പറ്റി ബന്ധുക്കളും പോലീസും പറയുന്ന കാര്യങ്ങള്‍ സമാനമാണ്. ഗോപാലകൃഷ്ണക്കുറുപ്പെന്നാണു സുകുമാരക്കുറുപ്പിന്റെ യഥാര്‍ഥ പേര്. പ്രീഡിഗ്രി തോറ്റശേഷം മനസില്ലാമനസോടെ വ്യോമസേനയില്‍ ചേര്‍ന്നു. എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടണമെന്ന ചിന്തയായിരുന്നു കുറുപ്പിന്. ഒടുവില്‍, അവധിക്കു നാട്ടിലെത്തിയപ്പോള്‍ കുറുപ്പ് മരിച്ചെന്നു പറഞ്ഞ് വ്യോമസേനാ അധികൃതര്‍ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂര്‍ പോലീസിനെ കൈക്കൂലി കൊടുത്ത് മടക്കി. തുടര്‍ന്ന് സുകുമാരക്കുറുപ്പ് എന്ന പേരില്‍ പാസ്‌പോര്‍ട്ട് എടുത്ത് ഗള്‍ഫിലേക്കു കടക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates