പിറന്നാൾ ദിനത്തിൽ 900 കുടുംബങ്ങൾക്ക് വെള്ളം എത്തിച്ച് സുരേഷ് ഗോപി
മൂന്നാർ; പിറന്നാൾ ദിനത്തിൽ വട്ടവടയിലെ 900 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നം പരിഹരിച്ച് സുരേഷ് ഗോപി എംപി. അദ്ദേഹത്തിൻറെ എംപി ഫണ്ടിൽനിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ‘കോവിലൂർ കുടിവെള്ള പദ്ധതിയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. വട്ടവട പഞ്ചായത്തിൽ കോവിലൂർ ടൗണിലെ അഞ്ച് വാർഡുകളിലുള്ള 900 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീഡിയോ കോൺഫറൻസിലൂടെയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. 2019-ൽ മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട് സന്ദർശിച്ച ശേഷം പ്രദേശവാസികളുമായി സുരേഷ് ഗോപി എം.പി. സംസാരിച്ചപ്പോഴാണ് അവരുടെ അവസ്ഥ അറിഞ്ഞത്. അന്നുതന്നെ കുടിവെള്ള സൗകര്യമെത്തിക്കുമെന്ന് എം.പി. ഉറപ്പുനൽകിയിരുന്നു. നേരത്തേതന്നെ പദ്ധതി പൂർത്തിയായിരുന്നെങ്കിലും കോവിഡ് കാരണം ഉദ്ഘാടനം നീളുകയായിരുന്നു.
വട്ടവട പഞ്ചായത്തിലെ ചൂളക്കല്ലിൽനിന്നു വെള്ളമെടുത്ത് കോവിലൂർ കുളത്തുമട്ടയിലെത്തിച്ച്, ശുദ്ധീകരിച്ചാണ് വിതരണം. 1,60,000 ലിറ്റർ കൊള്ളാവുന്ന സംഭരണിയാണ് കുളത്തുമട്ടയിൽ സ്ഥാപിച്ചിരിക്കുന്നത്. വീടുകളിലേക്ക് പൈപ്പുകളും കുടിവെള്ളസ്രോതസ്സായ അലങ്കലാഞ്ചിയിൽ ജലസംഭരണിയും സ്ഥാപിച്ചത് പഞ്ചായത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

