കൊച്ചി: പുനർ വിവാഹത്തിന് പത്രത്തിൽ പരസ്യം നൽകി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടുന്ന കല്യാണത്തട്ടിപ്പുകാരൻ അറസ്റ്റിൽ. 38കാരനായ കണ്ണൂർ പയ്യന്നൂർ സ്വദേശി ബിജു ആന്റണിയാണ് കൊച്ചിയിൽ അറസ്റ്റിലായത്. പരസ്യം കണ്ട് വിവാഹാലോചന വരുന്ന പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചെടുത്തശേഷം പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ പതിവ്.
വയനാട് മാനന്തവാടി കല്ലോടിയിൽ താമസിക്കുന്ന ബിജു മലപ്പുറം സ്വദേശിനിയുമായി അടുപ്പത്തിലായതിന് പിന്നാലെ കഴിഞ്ഞമാസം എറണാകുളം വടുതലയിൽ വാടകയ്ക്കു വീടെടുത്തു താമസം തുടങ്ങുകയും ഒരാഴ്ചയ്ക്കകം യുവതിയുടെ പണവും സ്വർണവുമായി മുങ്ങുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന് എറണാകുളം നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജു അറസ്റ്റിലായത്. ഇതുവരെ അമ്പതോളം സ്ത്രീകളെ പറ്റിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ഗുണ്ടൽപേട്ടയിലും വയനാട്ടിലും മാറിമാറി താമസിച്ചിരുന്ന പ്രതിക്കായി വ്യാപക തിരച്ചിൽ നടിത്തിവരുന്നതിനിടെ കൽപ്പറ്റ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഒരിക്കൽ അടുപ്പത്തിലായ യുവതികളുടെ പേരിൽ എടുത്ത സിം കാർഡാണ് പിന്നീടു പരസ്യം നൽകാനും അടുത്ത ഇരയെ വിളിക്കാനും ബിജു ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ സൈബർ സെൽ വഴിയുള്ള അന്വേഷണങ്ങൾ വിജയംകണ്ടില്ല.
പ്രതിയെ പിടികൂടിയശേഷം ഇയാളുമായി സ്റ്റേഷനിലേക്കെത്തുന്നതിനിടെ തലേദിവസം നൽകിയ വിവാഹപരസ്യം കണ്ട് നിരവധി ഫോൺകോളുകൾ ഇയാൾക്ക് ലഭിക്കുന്നുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കാസർകോട് കുമ്പള, കണ്ണൂർ ചൊക്ലി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിൽ 2008മുതൽ ഇയാൾക്കെതിരെ കേസുണ്ട്. കിട്ടുന്ന പണം മുഴുവൻ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates