പെട്രോൾ നിറയ്ക്കുന്നത് പൈപ്പിൽ, മൈലേജ് 50 കിലോമീറ്റർ; ഒൻപതാം ക്ലാസുകാരൻ നിർമിച്ച 'സൈക്കിൾ ബൈക്ക്'; സംഗതി കിടു
കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാര്യക്ഷമമായി ഉപയോഗിച്ച പലരുമുണ്ട്. അത്തരമൊരു മിടുക്കനാണ് ഈ ഒൻപതാം ക്ലാസുകാരൻ. സമൂഹ മാധ്യമങ്ങളിൽ ഹീറോയായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. തന്റെ കഴിവ് ഉപയോഗിച്ച് ഒരു ബൈക്ക് രൂപകൽപ്പന ചെയ്താണ് ഹർഷാദ് എന്ന ഒൻപതാം ക്ലാസുകാരൻ ശ്രദ്ധേയനായത്.
തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജാണ് പഴയ വാഹനങ്ങളുടെ പാർട്‌സിൽ നിന്ന് പുതിയ ബൈക്കിന് രൂപം നൽകിയ ഹർഷാദ് എന്ന വിദ്യാർഥിയുടെ വിവരം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്. ലോക്ക്ഡൗൺ കാലത്ത് ജീവിതം നിശ്ചലമായ ദിനങ്ങളിലാണ് ഹർഷാദ് തന്റെ ലളിത സുന്ദരമായ വാഹനം നിർമിച്ചത്. ഒൻപതാം ക്ലാസുകാരനാണ് ഈ ബൈക്ക് നിർമിച്ചതെന്നോർക്കണം. നമുക്കഭിമാനിക്കാം, ഇന്നത്തെ ക്ലാസ് മുറികളിൽ ഹർഷാദുമാരുണ്ട്. അവർ ഈ ലോകത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കി തീർക്കും തീർച്ച. സ്വരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഹർഷാദിന്റെ പിതാവായ പള്ളുരുത്തി തൊണ്ടിപ്പറമ്പിൽ ഹാഷിം വർക്ക്‌ഷോപ്പ് നടത്തുന്നയാളാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പിതാവിന്റെ വർക്ക്‌ഷോപ്പിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന വസ്തുകൾ ശേഖരിച്ചാണ് ഹർഷാദ് ബൈക്കിന്റെ പണിപ്പുരയിലേക്ക് കടന്നത്. വർക്ക്‌ഷോപ്പിൽ നിന്ന് ലഭിച്ച വസ്തുകൾ ഉപയോഗിച്ച് സൈക്കിൾ രൂപത്തിലുള്ള കുഞ്ഞൻ ബൈക്കിനാണ് ഈ വിദ്യാർഥി രൂപം നൽകിയത്.
ആദ്യ കാഴ്ചയിൽ ഒരു സൈക്കിളിനോട് രൂപസാദൃശ്യം തോന്നുന്ന ബൈക്കാണിത്. സീറ്റിന്റെ ഭാഗവും ഹാൻഡിലുമായി ബന്ധിപ്പിക്കുന്ന പൈപ്പാണ് ഇതിലെ പെട്രോൾ ടാങ്ക്. ഒരു ലിറ്ററാണ് ടാങ്കിന്റെ ശേഷി. ഒരു ലിറ്റർ പെട്രോൾ 50 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹർഷാദ് ഉറപ്പു നൽകുന്നത്. ബൈക്കുകളുടെ ടയറും, ഡിസ്‌ക് ബ്രേക്കും, എൽഇഡി ലൈറ്റും, ബുള്ളറ്റിലും മറ്റും നൽകുന്ന ഹാൻഡിലും നൽകിയാണ് ഈ ബൈക്ക് ഒരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

