

പതിവുപോലെ പൊന്നുമകളും കൂട്ടുകാരും തിരിച്ചെത്തുന്ന വാഹനവും കാത്ത് നില്‍കുകയായിരുന്നു സ്മിജ. പൊന്നോമന ചെളിവെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഒരു വിളിപ്പാടകലെ, വെറും 50മീറ്റര്‍ ദൂരത്ത് അമ്മ അവളെ കാത്തുനിന്നിരുന്നു. സ്‌കൂള്‍ വാന്‍ എത്താന്‍ വൈകിയപ്പോള്‍ മുതല്‍ സ്മിജയുടെ മനസ്സ് പിടഞ്ഞുതുടങ്ങി. അപകടമറിഞ്ഞ് ആശുപത്രിയിലേക്ക് ഓടിയെത്തിയപ്പോഴും അരുതാത്തതൊന്നും സംഭവിക്കരുതെ എന്നായിരുന്നു ആ അമ്മയുടെ പ്രാര്‍ത്ഥന. അപ്പോഴൊന്നും സ്മിജ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല അടുത്ത നിമിഷം കണ്മുന്നില്‍ തൂവെള്ള വസ്ത്രം ധരിച്ചു കിടക്കുന്ന മകളുടെ ചേതനയറ്റ ശരീരമായിരിക്കും എത്തുക എന്ന്.
പ്രാര്‍ത്ഥനകള്‍ക്ക് വിപരീതമായി മകള്‍ വിദ്യാലക്ഷ്മിയുടെ മൃതദേഹം കണ്‍മുന്നില്‍ കണ്ട സ്മിജ പൊട്ടികരഞ്ഞ് തളര്‍ന്നുവീണു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് ആ രംഗങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്മിജയെ ആശ്വസിപ്പിക്കാന്‍ അര്‍ക്കും കഴിയില്ല കാരണം അത്രമേല്‍ തകര്‍ന്നുപോയി ആ അമ്മ.
ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സനലിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി പിറന്നത്. രണ്ടുമാസം മുന്‍പാണ് ജോലിയുടെയും കുട്ടിയുടെ പഠിപ്പിന്റെയും സൗകര്യത്തിന് വാഴക്കാല സ്വദേശിയായ സനല്‍ കാക്കനാട് നിന്ന് മരടിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇവരുടെ ഏകമകളാണ് വിദ്യാലക്ഷ്മി. ഒരു വളവിനപ്പുറം സംഭവിച്ച അപകടം കവര്‍ന്നെടുത്ത ഇവരുടെ പൊന്നോമനയുടെ വേര്‍പാട് ആരുടെയും ഉള്ളലിയിക്കുന്നതാണ്. സ്വകാര്യ ബാങ്കില്‍ ഉദ്യോഗസ്ഥനാണ് സനല്‍. മകളെ നോക്കാനായാണ് സ്മിജ ജോലി ഉപേക്ഷിച്ചത്.
വൈകിട്ട് 6:20ഓടെ ശ്രീലക്ഷ്മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ' പൊന്നുമോളെ ഉണ്ണീ, കണ്ണുതുറക്ക് നീ...'എന്ന ചങ്കുപൊട്ടിയുള്ള സ്മിജയുടെ കരച്ചില്‍ താങ്ങാവുന്നതിനും അപ്പുറമാണ്. അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിലെന്ന് വിലപിക്കാനേ കഴിയൂ.
മരടിലെ കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിന്റെ വാന്‍ കുളത്തിലേക്ക് മറിഞ്ഞപ്പോള്‍ പൊലിഞ്ഞത് രണ്ട് കുരുന്ന് ജീവനുകളാണ് വിദ്യാലക്ഷ്മിയുടെയും ആദിത്യന്റെയും. അധികൃതരുടെ അനാസ്ഥയും വാഹനത്തിന്റെ അമിതവേഗതയുമൊക്കെ അപകടകാരണമായി നിരത്താമെങ്കിലും രണ്ടു കുരുന്നുകളുടെയും ഒരു വീട്ടമ്മയുടെയും ജീവന് പകരം വയ്ക്കില്ല ഒരു ന്യായവാദങ്ങളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates