പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റില്‍ മേജര്‍ രവി, സൗബിന്‍ ഷാഹിര്‍, അമല്‍ നീരദ്...; പാവം ഞങ്ങളെന്ത് പിഴച്ചു; ഉത്തരവിനെതിരെ ഫ്‌ലാറ്റ് ഉടമകള്‍

നിയമപരമായ എല്ലാ രേഖകളും പരിശോധിച്ചാണ് ഫ്‌ലാറ്റില്‍ താമസം തുടങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്
പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റില്‍ മേജര്‍ രവി, സൗബിന്‍ ഷാഹിര്‍, അമല്‍ നീരദ്...; പാവം ഞങ്ങളെന്ത് പിഴച്ചു; ഉത്തരവിനെതിരെ ഫ്‌ലാറ്റ് ഉടമകള്‍
Updated on
1 min read

കൊച്ചി: തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിച്ച കൊച്ചി മരട് നഗരസഭയിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിനെതിരെ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ മരടിലെ ഫ്‌ലാറ്റ് ഉടമകളുടെ തീരുമാനം. റവന്യൂ മന്ത്രി ഉള്‍പ്പടെയുള്ളവരെ നേരില്‍ കാണാനും ഇവര്‍ തീരുമാനിച്ചു. മരട് നഗരസഭയിലെ ഹോളിഡേ ഹെറിറ്റേജ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്‌സ്, ഹോളി ഫെയ്ത്, ആല്‍ഫാ വെഞ്ചേഴ്‌സ്, ജെയ്ന്‍ ഹൗസിങ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. അഞ്ച് സമുച്ചായങ്ങളും നിയമവിരുദ്ധമായി നിര്‍മിച്ചിരിക്കുകയാണെന്നും പൊളിച്ചുനീക്കണമെന്നുമുളള തീരദേശപരിപാലന അതോറിറ്റിയുടെ ആവശ്യം സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.  

സിനിമാപ്രവര്‍ത്തകരും വ്യവസായ പ്രമുഖരും പ്രവാസികളുമടക്കം നിരവധിപ്പേര്‍ ഈ ഫ്‌ലാറ്റുകളുടെ ഉടമസ്ഥരാണ്. മേജര്‍ രവി, സൗബിന്‍ ഷാഹിര്‍, അമല്‍ നീരദ് എന്നിവരുടെ ഫ്‌ലാറ്റും ഇതില്‍പ്പെടും. നിയമപരമായ എല്ലാ രേഖകളും പരിശോധിച്ചാണ് ഫ്‌ലാറ്റില്‍ താമസം തുടങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങളായുള്ള എല്ലാ സമ്പാദ്യവും സ്വരുക്കൂട്ടിയാണ് ഉടമകളിലേറെയും ഫ്‌ലാറ്റ് വാങ്ങിയത്. അതുകൊണ്ട് തന്നെ ഉടമകളുടെ പ്രശ്‌നങ്ങള്‍ കോടതി കണക്കിലെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സമാനപ്രശ്‌നം നേരിടുന്ന എല്ലാ ഫ്‌ളാറ്റുകളുടെയും ഉടമകളുടെ കൂട്ടായ്മ ഉണ്ടാക്കി സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയാല്‍ അനുകൂല ഉത്തരവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

പത്തുവര്‍ഷമായി ഞങ്ങള്‍ ഇവിടെ താമസിക്കുന്നവരാണ്. ഇത്രയും നാളും ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ചലചിത്ര സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.പരിസ്ഥിതി പ്രവര്‍ത്തകരും ഫ്‌ലാറ്റ് നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നമാണ് സുപ്രീംകോടതിയില്‍ എത്തിയത്. ഇതിന്റെ അനന്തരഫലം അനുഭവിക്കുന്നത് അവിടെ താമസിക്കുന്ന ഞങ്ങളെപ്പോലെയുള്ളവരുമാണ്. ഈ കെട്ടിടത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ബാങ്ക് ലോണ്‍ എങ്ങനെ ലഭിക്കാനാണ്? ഞങ്ങള്‍ക്ക് അവിടെ വൈദ്യുതിയും വെള്ളവുമെല്ലാം ലഭിക്കുന്നുണ്ട്. ഇതൊക്കെ ലഭിക്കുന്നത് രേഖകള്‍ ശരിയായത് കൊണ്ടല്ലേ? എല്ലാവരും നികുതിയും കെട്ടുന്നവരാണ്. 

അവിടുത്തെ താമസക്കാരില്‍ അമ്പത് ശതമാനം ആളുകളും സാധാരണക്കാരാണ്. അവരുടെ എല്ലാ സാമ്പദ്യവും ചെലവഴിച്ചാണ് ഫ്‌ലാറ്റ് വാങ്ങിയിരിക്കുന്നത്. അവര്‍ക്ക് പോകാന്‍ വേറെ സ്ഥലം പോലുമില്ല. കൂട്ടത്തില്‍ വയസായ ഒരുപാട് ആളുകളുണ്ട്. ഇത് പൊളിച്ചാല്‍ എവിടേക്ക് പോകണമെന്ന് പോലും അറിയില്ല. സിനിമാക്കാരാണെന്ന് പറഞ്ഞാലും ഞങ്ങള്‍ക്കും കോടികളുടെ സമ്പാദ്യമൊന്നുമില്ല. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടുതന്നെയാണ് ഫ്‌ലാറ്റ് വാങ്ങിയത്. ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീലും റിട്ടും പോകും. പക്ഷെ അപ്പോഴും നഷ്ടമാകുന്നത് കുറേ സാധാരണക്കാരുടെ സമയവും പണവും തന്നെയാണ്. വക്കീല്‍ ഫീസ് ഇനത്തില്‍ തന്നെ ഇനിയും ലക്ഷങ്ങള്‍ ചെലവാകും. താമസക്കാരുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് ഇങ്ങനെയൊരു വിധി പ്രസ്താവിച്ചത് മേജര്‍ രവി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com