

കണ്ണൂര്‍: ഒരുതരത്തിലുമുള്ള അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നും പ്രകോപനങ്ങളില്‍ വീണുപോകരുതെന്നും കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎമ്മിന്റെ ക്ലാസ്. ജനങ്ങളോടുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നടക്കുന്ന തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായുള്ള മേഖലാ യോഗങ്ങളിലാണ് നിര്‍ദേശം.
'സംഭാവന' നല്‍കാത്തവരെ ശത്രുക്കളായിക്കണ്ട് അവഹേളിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്ന രീതി പൂര്‍ണമായി മാറ്റണം. ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍, ലോക്കല്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടം പാര്‍ട്ടി ക്ലാസ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നേരത്തേ മുഖ്യമന്ത്രിതന്നെ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്, കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ വിഷയമുന്നയിച്ചു.
പാര്‍ട്ടി കണ്ണൂര്‍ ഘടകത്തില്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ പിടിമുറുക്കുന്നതായ ആക്ഷേപമാണ് നേതൃത്വം ഉന്നയിച്ചത്. ക്രിമിനലുകളെ വളര്‍ത്തുന്നതില്‍ മുതിര്‍ന്നനേതാക്കളുടെ ഇടപെടലുമുണ്ടെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടിയെ അറിയിച്ചശേഷമുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കമുള്ള റെയ്ഡുകള്‍.
പെരിയ ഇരട്ടക്കൊലപാതകത്തിലും കണ്ണൂര്‍ മോഡല്‍ പ്രതിഫലിച്ചത് ഗൃഹസമ്പര്‍ക്കപരിപാടിയില്‍ സിപിഎമ്മിനെ വിയര്‍പ്പിച്ചിരുന്നു. ഇതാണ് തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ അക്രമരാഷ്ട്രീയവും മുഖ്യവിഷയമാക്കാനുള്ള തീരുമാനത്തിനു പിന്നില്‍. രണ്ടുമാസത്തിനിടെ രണ്ടാംതവണയാണ് അക്രമരാഷ്ട്രീയം ജില്ലാഘടകങ്ങളില്‍ചര്‍ച്ചചെയ്യുന്നത്. കണ്ണൂര്‍ ജയിലിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും ഗൗരവത്തോടെ കാണുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates