കോഴിക്കോട്: പ്രകോപനപരമായി പ്രകടനം നടത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും നേതാക്കളും ഉൾപ്പെടെയുള്ള ഒൻപത് പേർക്കെതിരെ കേസ്. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ പ്രകോപനപരമായി മുദ്രാവാക്യം വളിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. സംസ്ഥാന സെക്രട്ടറി വിവി മുഹമ്മദലി, നിയോജകമണ്ഡലം ജന. സെക്രട്ടറി സികെ നാസർ, മണ്ഡലം പ്രസിഡന്‍റ് കെഎം സമീർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് കേസ്.
മത സ്പർധ വളർത്തും വിധം പ്രകോപനം നടത്തി മുദ്രാവാക്യം വിളിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി വാണിമേലിൽ നടന്ന സിപിഎം പൊതുയോഗത്തിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വാണിമേൽ സ്വദേശികളെയും നേതാക്കളെയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.
വെള്ളൂരിലെ കൊല ചെയ്യപ്പെട്ട സിപിഎം പ്രവർത്തകൻ സികെ ഷിബിന്റെ അച്ഛൻ ഭാസ്കരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിപിഎം നാദാപുരം ലോക്കൽ സെക്രട്ടറി ടി കണാരൻ, മുഹമ്മദ് കക്കട്ടിലും സംഭവത്തിൽ പൊലീസിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കല്ലാച്ചിയിൽ നിന്ന് തുടങ്ങിയ യൂത്ത് ലീഗ് പ്രകടനത്തിന്റെ പിൻനിരയിലുള്ളവർ പ്രകോപന മുദ്രാവാക്യം വിളിച്ചെന്നാണ് പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates