ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുൺ ; 'കോൾ' ശിവശങ്കറിന്റെ കീഴുദ്യോ​ഗസ്ഥൻ എന്നുപറഞ്ഞ് ; അന്വേഷണം സെക്രട്ടേറിയറ്റിലേക്കും

ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുൺ ; 'കോൾ' ശിവശങ്കറിന്റെ കീഴുദ്യോ​ഗസ്ഥൻ എന്നുപറഞ്ഞ് ; അന്വേഷണം സെക്രട്ടേറിയറ്റിലേക്കും

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന മുഖവുരയോടെ സ്വപ്നയുടെ ഭർത്താവിന്റെ പേരിൽ ഫ്ലാറ്റ് നൽകാൻ നിർദേശിക്കുകയായിരുന്നു
Published on

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക്‌ സെക്രട്ടേറിയറ്റിന് എതിര്‍വശത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുൺ എന്നയാൾ. ഐടി സെക്രട്ടറി എം ശിവശങ്കറിന്‌ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെന്നു പറഞ്ഞാണ് അരുണ്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഫ്ലാറ്റ് ബുക്ക് ചെയ്തുകൊടുത്തത് ശിവശങ്കറിന്റെ ഓഫീസിൽ നിന്നാണെന്ന്  കസ്റ്റംസ് കണ്ടെത്തി. ഇതിന്റെ ശബ്ദരേഖയും ലഭിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന മുഖവുരയോടെ സ്വപ്നയുടെ ഭർത്താവിന്റെ പേരിൽ ഫ്ലാറ്റ് നൽകാൻ നിർദേശിക്കുകയായിരുന്നു. അപ്പാർട്മെന്റുകൾ ദിവസവാടകയ്ക്കു കൊടുക്കുന്ന കരാറുകാരനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതോടെ അരുണിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഐടി വകുപ്പിന് കീഴിൽ സി ഡിറ്റിലും ടെക്നോപാർക്കിലും അരുൺ എന്ന പേരുള്ളവർ ജോലി ചെയ്യുന്നുണ്ട്. ഇവരിലേക്കും അന്വേഷണം നീട്ടിയിട്ടുണ്ട്.

ശിവശങ്കറിന് ഫ്‌ളാറ്റ് ഉണ്ടെന്ന് പറയുന്ന ഹെദര്‍ ഹൈറ്റ്‌സില്‍ തന്നെയാണ് കള്ളക്കടത്ത് സംഘവും താമസിച്ചിരുന്നത്. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് താമസിക്കാന്‍ ഇവിടെ ആദ്യം ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ഏഴാം നിലയിലാണ്. ഇവിടെ ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നതിന് ഇങ്ങോട്ടേക്ക് ആദ്യമായി ഫോണ്‍ വിളിച്ചത് അരുണ്‍ എന്നയാള്‍ ആണ്. പല തവണ അരുണ്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തുവെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം.

അരുണ്‍ ബുക്ക് ചെയ്ത ഫ്‌ളാറ്റിലേക്ക്‌ ആദ്യം വരുന്നത് സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ആണ്. മേയ് ആദ്യവാരത്തിനു ശേഷം നിരവധി തവണ ജയശങ്കര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ഹെദര്‍ ഹൈറ്റ്‌സില്‍ പല മുറികളില്‍ പ്രതിദിന വാടകയ്ക്ക് ജയശങ്കര്‍ പലപ്പോഴായി താമസിച്ചു. ജയശങ്കര്‍ ഇവിടെ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ജയശങ്കറും കള്ളക്കടത്ത് സംഘങ്ങളുടെ ചര്‍ച്ചയില്‍ പങ്കാളിയായിരുന്നുവെന്നാണ്  ലഭിക്കുന്ന വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com