തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ വിദേശത്തുള്ള മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍. രോഗവ്യാപനം തടയാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ മെച്ചപ്പെട്ടതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. പ്രവാസികളെ തിരികെയെത്തിക്കുന്നതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രശംസ.
പ്രവാസികളെ തിരികെയെത്തിക്കുന്നതിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് പ്രശംസ കത്ത് അയച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ എയര്‍ലൈന്‍ കമ്പനികളെ നേരിട്ടറിയിക്കാമെന്ന് കത്തിലുണ്ട്. അംബാസഡര്‍മാരുടെ സഹകരണവും വിദേശകാര്യമന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഇന്നും വി മുരളീധരന്‍ സര്‍ക്കാരിന് എതിരെ രംഗത്ത് വന്നിരുന്നു. പ്രവാസികളുടെ മടക്കം സംബന്ധിച്ച് കേരളത്തിന് മാത്രമായി പ്രത്യേകചട്ടം ഉണ്ടാക്കി നടപ്പിലാക്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളം പറഞ്ഞ ചട്ടങ്ങള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രമേ ബാധകമാക്കാനാകൂ. വന്ദേഭാരത് മിഷന്‍ വിമാനയാത്രക്കാര്‍ക്ക് ഒരു തരത്തിലുള്ള നിബന്ധനകളും ബാധകമായിരിക്കില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിലപാടാണ് ആദ്യം സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്.
വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഈ നിബന്ധനയില്‍ ഇളവ് വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ പിപിഇ കിറ്റ് ധരിച്ചാല്‍ മതിയെന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. യാത്ര ചെയ്യുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കേണ്ടത് വിമാനക്കമ്പനികള്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates