കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിന്റെ ഡയറക്ടറായ സിയാദിന്റെ ആത്മഹത്യാക്കുറിപ്പിൽ മൂന്ന് സിപിഎം നേതാക്കൾക്കെതിരെ പരാമർശം. കളമശേരി ഏരിയ സെക്രട്ടറി വിഎ സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളായ മൂന്ന് പേരുടെ പീഡനങ്ങൾ അക്കമിട്ട് എഴുതിയ ഡയറിക്കുറിപ്പാണ് പുറത്തായത്. സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം കൂടിയായിരുന്നു സിയാദ്.
സിയാദ് ഉപയോഗിച്ചിരുന്ന സ്കൂട്ടറിൽ നിന്ന് ഇന്നലെയാണ് ഡയറി ബന്ധുക്കൾ കണ്ടെടുത്തത്. ഡയറിക്കുറിപ്പ് തൃക്കാക്കര പൊലീസ് മഹസറിന്റെ ഭാഗമാക്കിയിട്ടുണ്ട്.
‘എന്റെ മരണത്തിന് ഉത്തരവാദികൾ: സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെആർ ജയചന്ദ്രൻ - ഇല്ലാത്ത ആരോപണങ്ങൾ നടത്തി എന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വിഎ സക്കീർ ഹുസൈൻ- ഇയാൾ എന്നെ നശിപ്പിക്കാൻ ശ്രമിച്ചു. കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെപി നിസാർ- എന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തി. മാനസിക പീഡനം സഹിക്കാതെ ഞാൻ ആത്മഹത്യ ചെയ്യുന്നു. സ്നേഹപൂർവം സിയാദ് വാഴക്കാല, ഒപ്പ്’- കണ്ടെടുത്ത കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു.
പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ അയ്യനാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രൻ. ബാങ്കിന്റെ മറ്റൊരു ഡയറക്ടറായ കൗലത്തും ഭർത്താവും സിപിഎം നേതാവുമായ എംഎം അൻവറും ഫണ്ട് വെട്ടിപ്പ് കേസിൽ പ്രതികളാണ്.
ഇതിനെ ഡയറക്ടറായ വിഎ സിയാദ് ചോദ്യം ചെയ്തിരുന്നു. ബാങ്ക് ഡയറക്ടർ ബോർഡ് യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കണമെന്ന് സിയാദ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കെതിരേ പരസ്യ നിലപാട് സ്വീകരിച്ചത് നേതാക്കളെ ചൊടിപ്പിച്ചുവെന്നാണ് സൂചന.
പാർട്ടിയിൽ നിന്നു പുറത്താക്കുമെന്ന അന്ത്യശാസനത്തോടെ ലോക്കൽ സെക്രട്ടറി എഴുതിയ കത്ത് മേശപ്പുറത്തു വച്ച ശേഷമാണ് സിയാദ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളാണ് കത്തിൽ സിയാദിനെതിരേ ഉന്നയിച്ചിരുന്നത്. ഇതിൽ മനംനൊന്താണ് സിയാദ് ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാ കുറിപ്പ്.
അതേസമയം മരണത്തിൽ ആരെയും സംശയമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സിയാദിന്റെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നത്. സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം സിയാദിനെതിരേ പാർട്ടി അച്ചടക്ക നടപടി എടുത്തിട്ടില്ലെന്ന് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വിഎ സക്കീർ ഹുസൈൻ പറഞ്ഞു. ഏരിയ കമ്മിറ്റിക്കകത്ത് ഈ വിഷയം വന്നിട്ടില്ല. തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റിയിലാണ് നടപടി ആലോചിച്ചത്. ലോക്കൽ കമ്മിറ്റി അച്ചടക്ക നടപടി എടുത്തിട്ടില്ലെന്നും കാരണം കാണിക്കൽ നോട്ടീസ് മാത്രമെ നൽകിയിട്ടുള്ളൂവെന്നും സക്കീർ ഹുസൈൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates